27 April Saturday
- 26 വീടുകളുടെ താക്കോൽ കൈമാറി

പ്രളയത്തെയും അതിജീവിക്കും ഈ സുന്ദരഭവനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

പേര്യ കൈപ്പഞ്ചേരി കോളനിയിൽ വീടിന്റെ താക്കോൽ ഒ ആർ കേളു എംഎൽഎ കൈമാറുന്നു

 
  കൽപ്പറ്റ
പ്രളയത്തിന്റെ കയ്‌പ്പേറിയ  ഓർമകളോട്‌ വിടപറഞ്ഞ്‌ 26 കുടുംബങ്ങൾ ഇനി സർക്കാരിന്റെ സുരക്ഷിത തണലിൽ.  ജില്ലയിൽ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടിടങ്ങളിലായി 26 വീടുകളുടെ താക്കോൽ കൈമാറി. പേര്യ കൈപ്പഞ്ചേരി കോളനിയിൽ 12 വീടുകളും  പനമരം കൊളത്താറ കോളനിയിൽ 14 വീടുകളുമാണ്‌ നിർമിച്ചത്‌. കോളനികളിൽ നടന്ന ചടങ്ങിൽ  ഒ ആർ കേളു എംഎൽഎ താക്കോൽ കൈമാറി. 
   കൊളത്താറ കോളനിയിൽ നിർമിച്ച 14 വീടുകളിൽ 7 എണ്ണം പ്രളയത്തെ അതിജീവിക്കുന്ന മാതൃകയിലാണ്.  കോഴിക്കോട് എൻഐടി പഠനം നടത്തി പ്രളയത്തെ അതിജീവിക്കാൻ സാധിക്കുമെന്ന പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വീടുകൾ ഒരുക്കിയത്‌. 
 മറ്റ് വീടുകൾ സാധാരണ രീതിയിലാണ് നിർമിച്ചത്‌. എല്ലാ വീടുകൾക്കും ടോയ്‌ലറ്റ്‌, അടുക്കള, രണ്ട് ബെഡ് റൂം, ഹാൾ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി ലഭിച്ച നാലു ലക്ഷം രൂപയും, പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച  രണ്ടുലക്ഷം രൂപയും ഉൾപ്പെടെ 6 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് 26 വീടുകളുടെയും നിർമാണം ജില്ലാ നിർമിതി കേന്ദ്ര പൂർത്തിയാക്കിയത്. 
   പേര്യ കൈപ്പഞ്ചേരി കോളനിയിൽ നടന്ന ചടങ്ങിൽ തവിഞ്ഞാൽ  പഞ്ചായത്ത് പ്രസിഡന്റ്‌  എൽസി ജോയ് അധ്യക്ഷയായി.  പനമരം കൊളത്താറ കോളനിയിൽ നടന്ന ചടങ്ങിൽ പനമരം  പഞ്ചായത്ത് പ്രസിഡന്റ് പി എം ആസ്യ അധ്യക്ഷയായി.  കലക്ടർ എ ഗീത,  സബ് കലക്ടർ ആർ ശ്രീലക്ഷ്മി, മാനന്തവാടി തഹസിൽദാർ ജോസ് പോൾ, ജില്ലാ നിർമിതി കേന്ദ്രം എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ കെ സാജിത്,  മാനന്തവാടി ടിഡിഒ ജി പ്രമോദ്, പനമരം ബ്ലോക്ക് ഡിവിഷൻ മെമ്പർ സജേഷ് സെബാസ്‌റ്റ്യൻ, പനമരം പഞ്ചായത്തംഗങ്ങളായ ബാലസുബ്രഹ്മണ്യൻ, രജിത, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സൽമാ മോയിൻ, തവിഞ്ഞാൽ പഞ്ചായത്ത്‌ മെമ്പർമാരായ ആനിബസന്റ്, ഷീജ എന്നിവരും ചടങ്ങുകളിൽ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top