29 March Friday

മാനന്തവാടി നഗരത്തിലെ 
രണ്ട് റോഡുകള്‍ക്ക് 2 കോടി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

മാനന്തവാടി ഗാന്ധിപാർക്ക് റോഡ്

മാനന്തവാടി 
മാനന്തവാടി നഗരത്തിലെ റോഡുകളുടെ മുഖഛായ മാറും. രണ്ട്‌ റോഡുകളുടെ നവീകരണത്തിനായി രണ്ട്‌ കോടി രൂപയുടെ പ്രവൃത്തികൾക്ക്‌ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി.  ഗാന്ധി പാർക്കിൽനിന്ന്‌ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് വരെ ഉള്ള റോഡ് നവീകരണത്തിന് ഒന്നരക്കോടി, പാണ്ടിക്കടവ് പാലം മുതൽ സപ്ലൈകോ ജങ്‌ഷൻ വരെ 50 ലക്ഷം രൂപയുമാണ്‌ അനുവദിച്ചത്‌.  ഏകദേശം രണ്ട്‌  കിലോമീറ്റർ ദൂരമാണ് രണ്ട്‌ കോടിയോളം മുടക്കി ബിഎം-ബിസി നിലവാരത്തിൽ നവീകരിക്കുന്നത്. മാനന്തവാടി നഗരത്തിലെ മറ്റെല്ലാ റോഡുകളും വിവിധ പദ്ധതികളിൽ ഉൾപ്പെട്ട്  ഉന്നത നിലവാരത്തിലേക്ക് മാറുന്ന ഘട്ടത്തിൽ ഒഴിഞ്ഞുപോയ ഭാഗങ്ങൾകൂടി ഉന്നത നിലവാരത്തിലാക്കുന്നതിനായി ഒ ആർ കേളു എംഎൽഎ നൽകിയ ശുപാർശ പരിഗണിച്ചാണ് സർക്കാർ തുക അനുവദിച്ചത്. 
നിലവിൽ മാനന്തവാടി നഗരത്തിലൂടെ  എരുമത്തെരുവ് –--ഗാന്ധിപാർക്ക്–--കോഴിക്കോട് റോഡ് കടന്ന് പച്ചിലക്കാട് വരെ മലയോര ഹൈവേ പദ്ധതി പ്രവൃത്തി പുരോഗമിക്കുകയാണ്‌. ഫോറസ്റ്റ് ഓഫീസ് മുൻവശം മുതൽ തോൽപ്പെട്ടിവരെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നവീകരണം പൂർത്തിയാക്കിയിട്ടുണ്ട്‌. ഗാന്ധിപ്പാർക്കിൽനിന്ന്‌ ഫോറസ്‌റ്റ്‌ ഓഫീസ്‌ വരെ നവീകരിക്കുന്നതോടെ റൊഡ്‌ പൂർണമായി ഉന്നത നിലവാരത്തിലേക്ക്‌ ഉയരും. പാണ്ടിക്കടവ് പാലം മുതൽ സപ്ലൈകോ ജങ്‌ഷൻ വരെ വീതികുറഞ്ഞ റോഡാണ്‌. സാധ്യമാകുന്ന സ്ഥലങ്ങളിൽ വീതികൂട്ടി നവീകരിക്കും.  . 
പൊതുമരാമത്ത്‌ വകുപ്പാണ്‌ ഫണ്ട്‌ അനുവദിച്ചത്‌. ഭരണാനുമതി ലഭിച്ചതോടെ ടെൻഡർ നടപടി പൂർത്തിയാക്കി ഉടൻ നിർമാണത്തിലേക്ക്‌ കടക്കും. ഈ റോഡ് പ്രവൃത്തികൾകൂടി  യാഥാർഥ്യമാകുന്നതോടെ മാനന്തവാടി നഗരപ്രദേശം സമ്പൂർണമായി ആധുനിക രീതിയിലുള്ള റോഡുകൾകൊണ്ട് ഗതാഗതസജ്ജമാകുമെന്ന് ഒ ആർ കേളു എംഎൽഎ പറഞ്ഞു.
ബോയ്സ് ടൗൺ മുതൽ പച്ചിലക്കാട്‌ വരെയും തലപ്പുഴ നാൽപ്പത്തിമൂന്ന്‌ മുതൽ കുഞ്ഞോം–-കുങ്കിച്ചിറ വരെയും രണ്ടു പാതകൾ മാനന്തവാടി മണ്ഡലത്തിൽ മലയോര ഹൈവേയിൽ വികസിക്കുകയാണ്‌. കിഫ്‌ബിയിൽ 122 കോടി രൂപ ചെലവിട്ടാണ്‌ നിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റിയാണ്‌ നിർമാണം നടത്തുന്നത്‌. സ്ഥലമേറ്റെടുപ്പ്‌ പൂർത്തിയായി. കലുങ്കുകളുടെ നവീകരണമാണ്‌ ഇപ്പോൾ പുരോഗമിക്കുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top