20 April Saturday

കാടിന്റെ മനോഹാരിത ചുവരിലേക്ക്‌ പകർത്തി കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയർ സെക്കൻഡറി സ്‌കൂളിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ കലക്ടർ ഡോ. രേണുരാജ് അനാച്ഛാദനംചെയ്യുന്നു

ബത്തേരി
കാട്ടരുവിയിൽ ഉല്ലസിക്കുന്ന കാട്ടുകൊമ്പൻമാരും ദൈവപുരകളും ഗോത്ര ജനതയുടെ ആചാരപ്പെരുമയും  നീളൻ ചുവരിൽ ഒരുക്കി കുട്ടികളുടെ വര. നുൽപ്പുഴ രാജീവ് ഗാന്ധി ആശ്രമം മോഡൽ റസിഡൻഷ്യൽ വിദ്യാലയത്തിലാണ്‌ രണ്ടാഴ്ചനീണ്ട പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ചുവരിൽ ചിത്രങ്ങളൊരുക്കിയത്. കാടിന്റെ ഉള്ളറകളിൽനിന്ന്‌ ഹോസ്റ്റലിലെ ചുവരിലേക്ക് കുട്ടികൾ പകർത്തിയ ചിത്രങ്ങൾ കാണാൻ കലക്ടറെത്തി. ജില്ലയിൽ ചുമതലയേറ്റശേഷം ആദ്യമായി  റസിഡൻഷ്യൽ വിദ്യാലയം സന്ദർശിച്ച  കലക്ടർ ഡോ. രേണുരാജിന്‌ കുട്ടികളുടെ കലാചാരുത വേറിട്ട അനുഭവമായി. 
ചിത്രകലാധ്യാപകൻ ടി കെ അശോക് കുമാറിനൊടൊപ്പം മായ്ച്ചും വരച്ചുമുളള ദിവസങ്ങൾ  ഇവരെ മികച്ച ചിത്രകാരൻമാരാക്കി. പലരും ആദ്യമായാണ് അക്രിലിക് പെയിന്റും ബ്രഷും കൈയിലെടുത്തതുപോലും. അഞ്ചാം തരക്കാരനായ അമൽ മുതൽ പ്ലസ്ടു വിദ്യാർഥിയായ ജിഷ്ണു വരെയുളള കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗത്തിൽനിന്നുള്ള 31 ഗോത്രവിദ്യാർഥികളാണ് ചിത്രമെഴുത്തിൽ അണിനിരന്നത്. 
ഗോത്രവർണ വിസ്മയങ്ങൾ  കലക്ടർ അനാച്ഛാദനം ചെയ്തു. കുട്ടികൾക്കൊപ്പം നടന്ന് പഠന വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞ കലക്ടർ ഹോസ്റ്റലിൽനിന്ന്‌ അവർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കുട്ടികളുടെ താമസ പഠന സൗകര്യങ്ങളും വിലയിരുത്തി. സ്‌കൂൾ പ്രിൻസിപ്പൽ പി ജി സുരേഷ് ബാബു, പ്രധാനാധ്യാപകൻ കെ പി ഷാജു, സീനിയർ സൂപ്രണ്ട് ടി കെ മനോജ്, ടിഡിഒ ജി പ്രമോദ്, ഹോസ്റ്റൽ മാനേജർ പി കെ സതീഷ്‌കുമാർ തുടങ്ങിയവർ  കലക്ടറെ സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top