19 April Friday
ഞായറാഴ്‌ച നിയന്ത്രണം

തിരക്കൊഴിഞ്ഞ്‌ നാടും നഗരവും

സ്വന്തം ലേഖകന്‍Updated: Monday Jan 24, 2022

നിയന്ത്രണത്തെ തുടർന്ന്‌ ഒഴിഞ്ഞുകിടക്കുന്ന കൽപ്പറ്റ ടൗൺ

കൽപ്പറ്റ
കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഞായറാഴ്‌ച നിയന്ത്രണത്തിൽ ആളൊഴിഞ്ഞ്‌ നാടും നഗരവും. അടച്ചുപൂട്ടലിന്‌ സമാനമായിരുന്നു ജില്ലയിലെ പൊതുസ്ഥിതി.   കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായുള്ള സേവന വാഹനങ്ങളും അത്യാവശ്യ വാഹനങ്ങളും  ഓടിയെങ്കിലും  സർക്കാർ നടപടികളോടൊപ്പം നിന്ന്‌ വലിയശതമാനം ആളുകളും വീടുകളിൽത്തന്നെ ചെലവഴിച്ചു.   ആരോഗ്യപ്രവർത്തകർ സേവനവുമായി രംഗത്തുണ്ടായിരുന്നു.  ‌ ഭക്ഷ്യവസ്‌തുക്കൾ, പലചരക്ക്‌ സാധനങ്ങൾ, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്നവയൊഴികെയുള്ള  കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. മെഡിക്കൽ ഷോപ്പുകൾ തുറന്നു. അവശ്യസാധന കടകൾ തുറന്നെങ്കിലും വാങ്ങാനെത്തിയവരുടെ എണ്ണം വളരെ കുറവായിരുന്നു. അപൂർവം കെഎസ്‌ആർടിസി ബസ്സുകൾ ഓടിയെങ്കിലും യാത്രക്കാർ കുറവായിരുന്നു.  
    ജില്ലയിൽ എല്ലായിടത്തും പൊലീസിന്റെ  കർശന പരിശോധനയും ജാഗ്രതപ്പെടുത്തലുമുണ്ടായി. അത്യാവശ്യത്തിനല്ലാതെ സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങിയവരെ പൊലീസ്‌ തിരിച്ചയച്ചു. കൽപ്പറ്റ, ബത്തേരി, മാനന്തവാടി, മീനങ്ങാടി, പുൽപ്പള്ളി, പനമരം ടൗണുകളിലെല്ലാം ശക്തമായ പരിശോധന നടന്നു. സംസ്ഥാന, ജില്ലാ അതിർത്തികൾ വഴിയും അത്യാവശ്യ വാഹനങ്ങൾ മാത്രമാണ്‌ ഓടിയത്‌. രൂക്ഷമായ കോവിഡ്‌ വ്യാപനം തടയുന്നതിന്‌ സ്വയം നിയന്ത്രണം വേണമെന്ന സർക്കാർ നിർദേശത്തോട്‌ ജനങ്ങൾ പൂർണമായും സഹകരിച്ചു. ചിലയിടങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ പൊലീസ്‌ കേസെടുത്തു. പിഴയും ചുമത്തി. 

ഒരാഴ്‌ചക്കുള്ളിൽ നാലിരട്ടി വർധന
കൽപ്പറ്റ
ജില്ലയിൽ പ്രതിദിന കോവിഡ്‌ ബാധിതരുടെ എണ്ണം ഒരാഴ്‌ചക്കുള്ളിൽ വർധിച്ചത്‌ നാലിരട്ടി. ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നിരട്ടിയിലധികവും വർധിച്ചു. ജനുവരി 15ന്‌ 250 പേർ മാത്രമായിരുന്നു പ്രതിദിന കേസ്‌ എങ്കിൽ ഞായറാഴ്‌ച ഇത്‌ 1074ലേക്ക്‌ എത്തി. 798, 827, 850, 972,1074 എന്നിങ്ങനെയാണ്‌ കഴിഞ്ഞ അഞ്ച്‌ ദിവസങ്ങളിലായി കേസുകൾ റിപ്പോർട്ട്‌ ചെയ്‌തത്‌. കഴിഞ്ഞയാഴ്‌ച 1446പേരാണ്‌  ചികിത്സയിലുണ്ടായിരുന്നതെങ്കിൽ നിലവിൽ 4439 പേർ ചികിത്സയിലുണ്ട്‌. ജനുവരി തുടക്കത്തിൽ പ്രതിദിന  രോഗികളുടെ എണ്ണം 70നടുത്തും ചികിത്സയിലുള്ളവരുടെ എണ്ണം അറനൂറിനടുത്തും ആയിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്‌ ഇരുനൂറിൽ താഴെ പേർ മാത്രമാണെന്നത്‌ ആശ്വാസകരമാണ്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top