03 December Sunday

പി വി ബാലചന്ദ്രൻ ഇനി ഓർമ

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

സിപിഐ എം ജില്ലാ സെക്രട്ടറി പിഗഗാറിൻ പാർടി പതാക പുതപ്പിക്കുന്നു

അമ്പലവയൽ
പി വി ബാലചന്ദ്രൻ ഇനി ജനമനസ്സുകളിൽ മങ്ങാത്ത ഓർമ. കരൾരോഗത്തെ തുടർന്ന്‌ മേപ്പാടിയിലെ മൂപ്പൻസ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചൊവ്വ രാത്രി അന്തരിച്ച സിപിഐ എം നേതാവും സഹകാരിയും പൊതുരംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി വി ബാലചന്ദ്രന്റെ മൃതദേഹം വെള്ളി വൈകിട്ട്‌ നാലരയോടെ നരിക്കുണ്ടിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. 
ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപയാത്രയായി രാവിലെ 9.30 ഓടെ ബാലചന്ദ്രന്റെ നാടായ അമ്പലവയലിൽ എത്തിച്ചു. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൊതുദർശനത്തിനുവച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി, ജില്ലാ കമ്മിറ്റി അംഗം സുരേഷ്‌ താളൂർ, മീനങ്ങാടി ഏരിയാ സെക്രട്ടറി എൻ പി കുഞ്ഞുമോൾ എന്നിവർ ചേർന്ന്‌  മൃതദേഹത്തിൽ പാർടി പതാക പുതപ്പിച്ചു.  
 പകൽ പന്ത്രണ്ടുവരെ ഇവിടെ പൊതുദർശനം നീണ്ടു. നൂറുകണക്കിനുപേർ അന്തിമോപചാരമർപ്പിച്ചു. പീന്നീട്‌ വസതിയായ നരിക്കുണ്ട്‌ ചന്ദ്ര എസ്‌റ്റേറ്റിലേക്ക്‌ ചുവപ്പ്‌ വളന്റിയർമാരുടെ അകമ്പടിയോടെ വിലാപയാത്രയായി കൊണ്ടുപോയി. നാട്ടുകാരും ബന്ധുക്കളും സഹപ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ ഇവിടെയും കാത്തുനിന്നിരുന്നു. വൈകിട്ട്‌ 4.30ഓടെ അഭിവാദ്യം അർപ്പിച്ചശേഷം മൃതദേഹം ചുവപ്പ്‌ വളന്റിയർമാർ ചിതയിലേക്കെടുത്തു. പാർടി നേതാക്കളും പ്രവർത്തകരും മുദ്രാവാക്യം വിളികളോടെ അനുഗമിച്ച്‌  പ്രിയനേതാവിന്‌ വിടയേകി. വൻജനാവലിയുടെ സാന്നിധ്യത്തിൽ മകൻ മിഥുൻചന്ദ്ര ചിതയ്‌ക്ക്‌ തീ കൊളുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top