കൽപ്പറ്റ
എൽപിജി കിട്ടാത്തതിനാൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിൽ. വൈത്തിരി താലൂക്കിൽ എൽപിജി നിറയ്ക്കാനുള്ള കേന്ദ്രങ്ങളില്ലാതെ പ്രയാസപ്പെടുകയാണ് എൽപിജി ഉപയോഗിക്കുന്ന ഓട്ടോ തൊഴിലാളികൾ. 300ലധികം ഓട്ടോകളാണ് വൈത്തിരി താലൂക്കിൽമാത്രം ഓടുന്നത്. കൽപ്പറ്റയിലെ സ്വകാര്യ പമ്പിൽ ഉണ്ടായിരുന്ന എൽപിജി ഇന്ധനം നിർത്തലാക്കിയതോടെയാണ് ഓട്ടോ തൊഴിലാളികൾ ബുദ്ധിമുട്ടിലായത്. മൂന്നുമാസമായി ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ പമ്പുകളെ ആശ്രയിക്കേണ്ട ഗതികേടിലാണിവർ. വലിയ ടാങ്കുള്ള വാഹനങ്ങളിൽ മൂന്നുദിവസത്തിൽ ഒരു തവണയും മറ്റുള്ളവ രണ്ടുദിവസത്തിൽ ഒരു തവണയും ഇന്ധനം നിറയ്ക്കണം. പഴയ ഓട്ടോകളിൽ 13ലിറ്ററും പുതിയതിന്17 ലിറ്ററുമാണ് ടാങ്കിന്റെ സംഭരണശേഷി. ഇന്ധനം നിറയ്ക്കാൻ ഒരു തവണ പോയിവരാൻ 150 രൂപ ചെലവാകും. ജീവിതച്ചെലവും വാഹനത്തിന്റെ വായ്പാ അടവും ഇന്ധനം നിറയ്ക്കാനുള്ള അധികചെലവും കണ്ടെത്തേണ്ടിവരുമ്പോൾ പ്രതിസന്ധി ഏറുകയാണെന്ന് തൊഴിലാളികൾ പറയുന്നു. ഇന്ധനം തീരുമോയെന്ന് പേടിച്ച് ദൂരത്തേക്കുള്ള ഓട്ടം ഒഴിവാക്കേണ്ടി വരുന്നുണ്ട്. വാഹനങ്ങളിൽ മൂന്നുലിറ്റർ പെട്രോൾ നിറയ്ക്കാം. പക്ഷേ കുറഞ്ഞ മൈലേജേ ഇതിൽ ലഭിക്കൂ. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള സംവിധാനമാണിത്. ദിവസേന ഇത്തരത്തിൽ പെട്രോൾ നിറച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. വാഹനം വിൽപ്പന നടത്തി മാറ്റാമെന്നുകരുതിയാൽ പലർക്കും വായ്പ ഉള്ളതിനാൽ വിൽക്കാനും കഴിയുന്നില്ല. ഇത്തരം വണ്ടികൾക്ക് മാർക്കറ്റിൽ ഡിമാൻഡുമില്ല. എൽപിജി സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. വൈത്തിരി താലൂക്ക് പരിധിയിൽ പുതിയതായി വരുന്ന പമ്പുകളിലോ നിലവിലുള്ള പമ്പുകളിലോ എൽപിജി സംവിധാനം ഒരുക്കണമെന്ന നിർദേശം നൽകി തൊഴിലാളികളെ സംരക്ഷിക്കുന്ന നിലപാട് അധികാരികൾ കൈക്കൊള്ളണമെന്നാണ് ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..