26 April Friday
നല്ലൂർനാട്, മേപ്പാടി, പുൽപ്പള്ളി എന്നിവിടങ്ങളിൽ

പകർച്ചവ്യാധി പ്രതിരോധം: 
3 വാർഡുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

ഐസൊലേഷൻ വാർഡിന്റെ രൂപരേഖ

കൽപ്പറ്റ
സാംക്രമിക രോഗങ്ങൾക്കെതിരെ പ്രതിരോധം ഊർജിതമാക്കാൻ ജില്ലയിൽ അത്യാധുനിക ഐസൊലേറ്റഡ്‌ വാർഡുകൾ വരുന്നു. 2021–-22 സംസ്ഥാന ബജറ്റിൽ വിഭാവനംചെയ്‌ത പദ്ധതിപ്രകാരം ജില്ലയിലെ മൂന്ന്‌ നിയോജക മണ്ഡലങ്ങളിലാണ്‌ ഇവ സ്ഥാപിക്കുന്നത്‌.  മേപ്പാടിയിൽ ആരംഭിക്കുന്ന വാർഡിന്റെ തറക്കല്ലിടൽ കഴിഞ്ഞദിവസം നടന്നു.  മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിലെ തറക്കല്ലിടൽ നല്ലൂർനാട്, പുൽപ്പള്ളി സിഎച്ച്‌സികളിൽ വെള്ളി പകൽ പത്തിന് നടക്കും.
രോഗങ്ങൾ പടരാതിരിക്കാനും രോഗങ്ങൾ ബാധിക്കുന്നവരെ തുടക്കത്തിൽ തന്നെ ഐസൊലേറ്റ്‌ ചെയ്ത് ചികിത്സ ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം വാർഡുകൾ. 1.79 കോടി രൂപയാണ് ഓരോ വാർഡുകൾക്കും നിർമാണച്ചെലവ്. ആധുനിക രീതിയിലാണ് നിർമാണം.  
രോഗിയുമായി നേരിട്ട് സമ്പർക്കം വരാതെ നിരീക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് നഴ്‌സിങ് സ്റ്റേഷനുകൾ. 50 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലുള്ള മുറി മരുന്നുകളും അനുബന്ധ വസ്തുക്കളും സൂക്ഷിക്കാൻ രൂപകൽപ്പന ചെയ്തിട്ടുണ്ട്. നിർമാണച്ചെലവിന്റെ പകുതി കിഫ്‌ബിയിൽനിന്നും ശേഷിക്കുന്ന തുക എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്നും നൽകും.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിചെയ്യേണ്ട ജീവനക്കാർക്ക് വിശ്രമിക്കാൻ ശുചിമുറി സൗകര്യത്തോടെയുള്ള മുറിയും ഐസൊലേഷൻ വാർഡ് കെട്ടിടത്തിന്റെ പ്രത്യേകതയാണ്. ബയോമെഡിക്കൽ വേസ്റ്റ് തരംതിരിച്ച് കൈകാര്യം ചെയ്യുന്നതിന് വേസ്റ്റ് സെഗ്രിഗേഷൻ യൂണിറ്റ്, എമർജൻസി എക്‌സിറ്റ് തുടങ്ങിയവയുമുണ്ടാകും. 
 2400 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടമാണ് നിർമിക്കുന്നത്. മേൽക്കൂര സാൻവിച്ച് പാനൽ ആയതിനാൽ പുറത്തുനിന്നുള്ള ചൂടും ശബ്ദവും കുറയ്ക്കും.  കേരള മെഡിക്കൽ സർവീസ് കോർപറേഷനാണ് നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം. 
പത്ത്‌ കിടക്കകൾ ഓരോ വാർഡുകളിലുമുണ്ടാവും. ഇത് 15 വരെ ഉയർത്താനാവും. എമർജൻസി റിഹാബിലിറ്റേഷൻ മുറി പെട്ടെന്ന് ഉണ്ടായേക്കാവുന്ന രോഗമൂർച്ഛ നേരിടാനും രോഗിയെ സാധാരണ നിലയിലെത്തിക്കാനും ഉപയോഗിക്കും. സെൻട്രൽ സെക്ഷൻ മെഡിക്കൽ ഗ്യാസ് യൂണിറ്റാണ് മറ്റൊരു പ്രത്യേകത. പുറത്തുനിന്നു കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ സജ്ജീകരിക്കുന്നതിനാൽ ഓക്‌സിജൻ സിലിണ്ടർ മാറ്റാൻ വരുന്നവർക്ക് രോഗിയുമായി സമ്പർക്കം ഉണ്ടാകുന്നില്ല. മാത്രമല്ല, ആരോഗ്യപ്രവർത്തകർക്ക് കിടക്കയുടെ സമീപത്തുനിന്ന് സിലിണ്ടർ കൈകാര്യം ചെയ്യേണ്ട അവസ്ഥയുമില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top