29 March Friday

എൻ ഊരിൽ എത്തിയത്‌ 
15000 സഞ്ചാരികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022
 
വൈത്തിരി
സഞ്ചാരികളെ ആകർഷിച്ച്‌ ലക്കിടി എൻ ഊര് പൈതൃകഗ്രാമം. പ്രതിദിനം ആയിരത്തിനു മുകളിൽ വിനോദസഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. 11ന്‌  ടിക്കറ്റ് നിരക്ക് ഈടാക്കി തുടങ്ങിയതുമുതൽ പതിനയ്യായിരത്തിലധികം സഞ്ചാരികൾ പൈതൃക ഗ്രാമത്തിലെത്തി. ആറുലക്ഷത്തിന് മുകളിൽ വരുമാനവും ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച  വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ദേശീയപാതക്ക്  സമീപത്ത് കിലോമീറ്ററുകളോളം  വലിയ വാഹനങ്ങളുടെ നിരയുണ്ടായി. അവധി ദിവസങ്ങളിൽ തിരക്ക് ഇരട്ടിയാവും. രാവിലെ മുതൽ ഷട്ടിൽ സർവീസ് നടത്തുന്ന ജീപ്പുകൾക്കായി ക്യൂവാണ്. 
പ്രതികൂല കാലാവസ്ഥയിലും സഞ്ചാരികളുടെ എണ്ണത്തിൽ കുറവില്ല.
 ഉദ്ഘാടനം കഴിഞ്ഞത് മുതൽ ആദ്യ ഒരാഴ്ച്ച  പ്രവേശനം സൗജന്യമായിരുന്നു. കുന്നിൻ മുകളിലെ മഞ്ഞും, മഴയും, ഹരിതഭംഗിയും, പുല്ലുകൾ കൊണ്ടുമേഞ്ഞ മനോഹര കുടിലുകളടങ്ങിയ തനത് ഗോത്ര വൈവിധ്യങ്ങളടങ്ങിയ ഗ്രാമങ്ങളും  ആസ്വദിക്കാനാണ് സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികൾക്ക് പുറമേ  മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തു നിന്നും സഞ്ചാരികൾ എത്തുന്നു. 
സമൂഹ മാധ്യമങ്ങൾ വഴി കണ്ടറിഞ്ഞ് നിരവധിപേർ പേർ ഇവിടെയെത്തി. എൻ ഊരിലെത്താനുള്ള മനോഹരമായ കുന്നിൻ ചരിവുകളുടെ കാഴ്ച്ചകണ്ട്  ജീപ്പ് യാത്രക്കും ആരാധകർ ഏറെയാണ്. ഗോത്ര വിപണി, ഓപ്പൺ എയർ തിയേറ്റർ, ട്രൈബൽ കഫ്‌തീരിയ എന്നിവ അന്വേഷിച്ചും ആളുകളെത്തുന്നു. ചെറിയ കാലയളവിനിടെ എൻ ഊര് വിദേശ, അന്യസംസ്ഥാന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിക്കഴിഞ്ഞു. 
മുതിർന്നവർക്ക് 50 രൂപ, കുട്ടികൾക്ക് 20 രൂപ, വിദേശികൾക്ക് 150 രൂപ, 100 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ക്യാമറകൾക്കും ടിക്കറ്റ് എടുക്കണം. രാവിലെ ഒമ്പതുമുതൽ വൈകിട്ടുമുതൽ അഞ്ചുവരെയാണ് പ്രവേശനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top