08 May Wednesday

രാഹുലിന്റെ പ്രസ്‌താവനകൾ 
പരിഹാസ്യം: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023
കൽപ്പറ്റ
വയനാട്‌ മെഡിക്കൽ കോളേജ്‌ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാഹുൽഗാന്ധി എംപിയുടെ പ്രസ്‌താവന വസ്‌തുതകൾ മനസ്സിലാക്കാതെയാണെന്ന്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി ആരോപിച്ചു. മെഡിക്കൽ കോളേജിൽ കാത്ത്‌ ലാബ്‌ പ്രവർത്തന സജ്ജമാകുകയാണ്‌. എട്ടുനില മൾട്ടിപർപ്പസ്‌ കെട്ടിടം പൂർത്തിയായി. സൂപ്പർ സ്‌പെഷ്യാലിറ്റി സംവിധാനങ്ങൾ ഒരുക്കുമെന്ന്‌ ആരോഗ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.  ആസ്‌പിരേഷൻ ജില്ലയായ വയനാട്ടിലെ മെഡിക്കൽ കോളേജിന്‌ ഫണ്ട്‌ അനുവദിക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യം കേന്ദ്രസർക്കാർ നിഷേധിച്ചപ്പോൾ ഒന്നുപ്രതിഷേധിക്കാൻപോലും രാഹുൽ തയ്യാറായില്ല.    
അദ്ദേഹം ദീർഘകാലം എംപിയായിരുന്ന അമേഠിയിൽ ഒരു സർക്കാർ മെഡിക്കൽ കോളേജ്‌ പോലുമില്ല.  വയനാട്‌ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുകയോ പരിഹാരങ്ങൾക്കായി ശ്രമിക്കുകയോ ചെയ്യാത്ത രാഹുൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നത്‌ പരിഹാസ്യമാണ്‌. 
ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം നീക്കൽ, വയനാട്‌ റെയിൽവേ എന്നിവയിൽ തീരുമാനമെടുക്കേണ്ടത്‌ കേന്ദ്രസർക്കാരാണ്‌.  ഇക്കാര്യങ്ങളിലൊന്നും രാഹുൽ ഇടപെടുന്നില്ല. രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിന്‌ കേന്ദ്രസഹായംവേണമെന്ന ആവശ്യം ശക്തമാണ്‌. ഇതിലും എംപി മൗനം തുടരുകയാണ്‌.  
വയനാട്‌ ജില്ല രൂപീകരിച്ചതും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെല്ലാം  പുരോഗതി സാധ്യമാക്കിയതും എൽഡിഎഫ്‌ സർക്കാരുകളാണ്‌. വയനാട്‌ ജില്ല രൂപീകരിക്കണമെന്ന  പ്രമേയംപോലും  നിയമസഭയിൽ കോൺഗ്രസ്‌ എതിർക്കുകയാണ്‌ ചെയ്‌തത്‌. അന്ന്‌ ജില്ലയിലെ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്‌തിരുന്ന എംഎൽഎമാരെല്ലാം കോൺഗ്രസ്‌ അംഗങ്ങളായിട്ടും ആവശ്യത്തെ പിന്തുണച്ചില്ല. 
ജില്ലയിലെ സർക്കാർ കോളേജുകൾ, എൻജിനിയറിങ് കോളേജ്‌, ഐടിഐകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രധാന ആശുപത്രികളുമെല്ലാം  കൊണ്ടുവന്നതും എൽഡിഎഫ്‌ സർക്കാരുകളാണ്‌. എക്കാലവും വയനാടിന്‌ മികച്ച പരിഗണനയാണ്‌ എൽഡിഎഫ്‌  നൽകിയിട്ടുള്ളത്‌.
 ഇക്കാര്യങ്ങൾ മനസ്സിലാക്കാതെ കോൺഗ്രസിന്റെ ദേശീയ നേതാവായ രാഹുൽ നടത്തുന്ന പ്രസ്‌താവനകൾ അനുചിതമാണെന്നും എൽഡിഎഫ്‌ പ്രസ്‌താവനയിൽ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top