27 April Saturday

ശ്രദ്ധേയമായി 
എയർഫോഴ്‌സ് വെബിനാർ

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

 

കൽപ്പറ്റ
ഇന്ത്യൻ എയർഫോഴ്‌സിലെ തൊഴിലവസരങ്ങൾ, യോഗ്യതകൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെല്ലാം വിദ്യാർഥികളോട് പങ്കുവച്ച് എയർഫോഴ്‌സിന്റെ വെബിനാർ ശ്രദ്ധേയമായി. നൈപുണ്യ ജോബ് ഫെയറിന്റെ ഭാഗമായി ജില്ലയിലെ പ്ലസ്ടു വിദ്യാർഥികൾക്കായാണ് ഇന്ത്യൻ എയർഫോഴ്‌സിന്റെ കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചത്. കോവിഡ് രോഗവ്യാപനത്തെ തുടർന്ന് പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ഓൺലൈനായാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. കൽപ്പറ്റ മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ നടന്ന വെബിനാറിൽ വിങ് കമാൻഡർ അരവിന്ദ് ദുബൈ നേതൃത്വം നൽകി. എയർഫോഴ്‌സിലെ ജോലിസാധ്യതകളും എങ്ങനെ പ്രവേശനം നേടാം എന്നതൊക്കെ യുവതലമുറയുമായി പങ്കുവയ്‌ക്കുക എന്നതായിരുന്നു വെബിനാറിന്റെ ലക്ഷ്യം.
  തുടർന്ന് കലക്ടറുടെ ചേംബറിൽ എയർഫോഴ്‌സ് അധികൃതർ കലക്ടർ എ ഗീതയുമായി സംവദിച്ചു. ജില്ലയിൽ ആദിവാസിമേഖലയിലെ കുട്ടികളെക്കൂടി ഉൾപ്പെടുത്തി എയർഫോഴ്‌സിന്റെ തൊഴിൽ സാധ്യതകളും വിദ്യാഭ്യാസരീതിയും വിശദീകരിക്കുന്ന ബോധവൽക്കരണ ക്ലാസ് നേരിട്ട് നൽകണമെന്ന് കലക്ടർ എയർഫോഴ്‌സ് അധികൃതരോട് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തണമെന്നും ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ മികവ് പുലർത്താൻ ശ്രദ്ധ നൽകണമെന്നും വിദ്യാഭ്യാസ കോ ഓർഡിനേറ്റർമാരോട് കലക്ടർ എ ഗീത നിർദേശിച്ചു. 
   എയർഫോഴ്‌സ് കമാൻഡിങ് ഓഫീസർ 14 എയർമാൻ സെലക്ഷൻ സെന്റർ കൊച്ചി വിങ് കമാൻഡർ ആനന്ദ് ദുബൈ, എസ്ജിറ്റി ലാലൻ കുമാർ, എസ്ജിറ്റി അരവിന്ദ് ചൗഹാൻ, സിപിഎൽമാരായ സുരേന്ദ്ര സിങ്, പി കെ ഷെറിൻ, ജില്ലാ സ്‌കിൽ കോ ഓർഡിനേറ്റർ കെ രഞ്ജിത്ത് കുമാർ, എംപ്ലോയ്‌മെന്റ് ഓഫീസർ ആലിക്കോയ, ജില്ലാ വിദ്യാഭ്യാസ കോ ഓർഡിനേറ്റർമാർ സി വി നാസർ, ടി പി ബാലകൃഷ്ണൻ, വൊക്കേഷണൽ ഹയർസെക്കൻഡറി കോ ഓർഡിനേറ്റർ കെ പ്രസന്ന എന്നിവർ പങ്കെടുത്തു. നൈപുണ്യ ജോബ് ഫെയർ തുടർന്നും വരും മാസങ്ങളിൽ നടത്തുമെന്ന് ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top