18 April Thursday

പ്രശ്‌ന പരിഹാരം ‘സാന്ത്വനസ്പര്‍ശ’വുമായി മന്ത്രിമാരെത്തുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

 

കൽപ്പറ്റ
ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാർ ജില്ലയിലെത്തുന്നു.ഫെബ്രുവരി 15,16, 18 തീയതികളിലാണ്‌ മന്ത്രിമാരായ എ കെ ബാലൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ ജില്ലയിലെത്തുക. അദാലത്തിലേക്കുള്ള പരാതികൾ   ഫെബ്രുവരി 3 ഉച്ച മുതൽ   9 വൈകിട്ട് വരെ  സ്വീകരിക്കും.     ഫെബ്രുവരി 1 മുതൽ 18 വരെ ‘സാന്ത്വന സ്പർശം’ എന്ന പേരിൽ  സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന  അദാലത്തുകളുടെ ഭാഗമായാണ്‌ ജില്ലയിലും  പരിപാടി. അദാലത്ത്‌  വിജയിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാരോട് വീഡിയോ കോൺഫറൻസ് വഴി നിർദ്ദേശിച്ചു.
പരാതികൾ സ്വന്തം നിലയിൽ ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. അപേക്ഷാഫീസില്ല. അക്ഷയ സെന്ററുകൾക്കുള്ള ഫീസ് സർക്കാർ നൽകും. നേരത്തെ പരാതി നൽകിയിട്ടും തീർപ്പാക്കാത്തതും  പുതിയ പരാതികളും സ്വീകരിക്കും. 
ആദിവാസി മേഖലകളിൽ കഴിയുന്നവർക്ക് അപേക്ഷ നൽകുന്നതിന് അക്ഷയ സെന്ററുകൾ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ആദിവാസികളുടെ അടുത്തെത്തി  ഉദ്യോഗസ്ഥർ പരാതി സ്വീകരിക്കണം. ഇതിനുള്ള പ്രവർത്തനം കലക്ടർമാർ ഏകോപിപ്പിക്കണം. സാന്ത്വന സ്പർശത്തിന്റെ പ്രധാന ചുമതല കലക്ടർമാർക്കായിരിക്കും. അവരെ സഹായിക്കുന്നതിന് സെക്രട്ടറിമാരെയും ജില്ലകളിലേക്ക് നിയോഗിക്കും.
പരാതി കൈകാര്യം ചെയ്യുന്നതിന് അക്ഷയ സെന്ററുകൾക്ക് ഓൺലൈനിൽ പരിശീലനം നൽകും. പരാതികൾ പരിശോധിക്കുന്നതിന് അഞ്ചംഗ ഉദ്യോഗസ്ഥ ടീമിനെ ഓരോ ജില്ലയിലും കലക്ടർ നിയോഗിക്കും. റവന്യൂ, സിവിൽ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി  എന്നീ അഞ്ചു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ് ഈ ടീമിൽ ഉണ്ടാവുക. ഓൺലൈനിൽ അപേക്ഷ ലഭിക്കുമ്പോൾ തന്നെ, ജില്ലാതലത്തിൽ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തിൽ പരിഹരിക്കാവുന്നതുമായി ഈ ടീം തരംതിരിക്കും. പരാതിക്കാർക്ക് അദാലത്തിൽ നേരിട്ട് മറുപടി ശേഖരിക്കാവുന്ന നിലയിൽ പരാതികൾ പരിഹരിക്കേണ്ടതാണ്.
സാന്ത്വന സ്പർശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണണം. അദാലത്തിൽ ലഭിക്കുന്ന പരാതികളിൽ നിയമഭേദഗതി വഴിയോ ചട്ടത്തിൽ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും. അത്തരം പ്രശ്നങ്ങൾ കലക്ടർമാർ ഏകീകരിച്ച് സർക്കാരിന് റിപ്പോർട്ട് നൽകണം.
മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെൽ കാര്യക്ഷമമായി പരാതികൾക്ക് പരിഹാരം കാണന്നുണ്ട്. ഇതിനെല്ലാമുപരി പരാതികൾ പൊതുജനങ്ങൾക്കുണ്ടെങ്കിൽ ഉന്നതതലത്തിൽ നേരിട്ട് പരിഹരിക്കണമെന്നാണ് സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ  ഭാഗമായാണ് സാന്ത്വന സ്പർശം  സംഘടിപ്പിക്കുന്നത്.
താലൂക്ക്തല പരാതി പരിഹാര അദാലത്ത്
കൽപ്പറ്റ
 ബത്തേരി, മാനന്തവാടി, വൈത്തിരി താലൂക്ക് പരിധിയിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കലക്ടർ നടത്തുന്ന താലൂക്ക്തല ഓൺലൈൻ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 1,2,6 തീയതികളിൽ നടക്കും. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങൾ, റേഷൻ കാർഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുളള അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുക. ഫെബ്രുവരി 1 ന് നടക്കുന്ന മാനന്തവാടി താലൂക്ക്തല അദാലത്തിലേക്ക്  27 വരെ അപേക്ഷകൾ സ്വീകരിക്കും.  2ന്   നടക്കുന്ന  ബത്തേരി താലൂക്ക്തല അദാലത്തിലേക്ക് 28 വരെയും  6 ന് വൈത്തിരി താലൂക്ക്തല അദാലത്തിലേക്ക്   29 വരെയും അപേക്ഷ സ്വീകരിക്കും. അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് നൽകേണ്ടത്.  രാവിലെ 11.30 മുതലാണ് ജില്ലാ കലക്ടർ അപേക്ഷ പരിഗണിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top