29 March Friday
മീറ്റ് ദ മിനിസ്റ്റർ

സംരംഭകർക്ക്‌ ഊർജം പകർന്ന്‌ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ മന്ത്രി പി രാജീവ്‌ സംസാരിക്കുന്നു

കൽപ്പറ്റ  
ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകർക്ക്‌ മുന്നോട്ട്‌ കുതിക്കാനുള്ള ഊർജം പകർന്ന്‌ മന്ത്രി പി രാജീവിന്റെ മീറ്റ് ദ മിനിസ്റ്റർ പരിപാടി. ജില്ലയിലെ സംരംഭകരുടെ പരാതികളും പ്രശ്‌നങ്ങളും കേട്ട മന്ത്രി ഇവ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളും നൽകി. 38 പരാതികളാണ്‌ അദാലത്തിൽ പരിഗണിച്ചത്‌.  14 എണ്ണം തീർപ്പാക്കി. 25 പുതിയ പരാതികളും കൽപ്പറ്റ ഇന്ദ്രിയ ഹോട്ടലിൽ നടത്തിയ അദാലത്തിൽ ലഭിച്ചു. 
കോവിഡും പ്രളയക്കെടുതികളും നൽകിയ സാമ്പത്തിക പരാധീനതകളെ അതിജീവിച്ചെത്തിയ സംരംഭകർക്ക് മന്ത്രിയുടെ നിർദേശങ്ങളും ഇടപെടലുകളും പുതിയ പ്രതീക്ഷയായി. കാർഷിക ജില്ലയായ വയനാടിന്റെ യുവത്വം വ്യവസായ രംഗത്ത്‌ ചുവടുറപ്പിക്കുന്നതിന്‌ സർക്കാരിന്റെ എല്ലാ പിന്തുണയും മന്ത്രി വാഗ്‌ദാനംചെയ്‌തു. ഭൂമി, ബാങ്ക്, വായ്പാ തിരിച്ചടവ് സംബന്ധമായ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. വിവിധ വകുപ്പുകളുടെ മേധാവികളും ബാങ്ക് പ്രതിനിധികളുമായി സംസാരിച്ച്‌ പരാതികളിൽ അടിയന്തര നടപടിക്ക്‌ മന്ത്രി നിർദേശിച്ചു.
ഡബ്ല്യുസിഎസ് പട്ടയഭൂമികളിൽ വ്യവസായ സംരംഭം ആരംഭിക്കുന്നതിന് ലൈസൻസ് ലഭ്യമാക്കുന്നത് സംബന്ധിച്ച് ലഭ്യമായ പരാതികൾ വിശദമായി പരിശോധിച്ച് പൊതുവായ മാനദണ്ഡപ്രകാരം തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ആവശ്യമുള്ള പരാതികളിൽ പരിശോധന നടത്താൻ കലക്ടർക്ക് നിർദേശം നൽകി. 
വായ്പകളിൽ ഇളവ് ലഭിക്കുന്നതിനുള്ള  പരാതികളിൽ ബന്ധപ്പെട്ടവരോട്‌ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ, സബ് കലക്ടർ ആർ ശ്രീലക്ഷ്‌മി, കിൻഫ്ര എംഡി സന്തോഷ് കോശി, കെഎസ്ഐഡിസി ജനറൽ മാനേജർ ജി അശോക് ലാൽ, വ്യവസായ വാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ സി എസ് സിമി, എഡിഎം എൻ ഐ ഷാജു എന്നിവർ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top