കൽപ്പറ്റ
സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിൽ വീറുറ്റ ചെറുത്തുനിൽപ്പുകൾ നടത്തിയ തദ്ദേശീയ പോരാളികളുടെ സ്‌മരണയ്‌ക്കായി മ്യൂസിയം ഒരുങ്ങുന്നു. ‘പട്ടികവർഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയ’ത്തിന് വൈത്തിരി സുഗന്ധഗിരിയിൽ 25ന് മന്ത്രി കെ രാധാകൃഷ്ണൻ ശിലയിടും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനാകും. മന്ത്രി അഹമ്മദ് ദേവർ കോവിൽ മുഖ്യാതിഥിയാകും.
പട്ടികവർഗ വകുപ്പിന് കീഴിൽ പട്ടികജാതി–-പട്ടികവർഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ(കിർത്താഡ്‌സ്) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര -–-സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ 20 ഏക്കറിലാണ് മ്യൂസിയം സ്ഥാപിക്കുന്നത്. 16.66 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയ്ക്കാണ് നിർമാണ ചുമതല.
ആദ്യഘട്ടമായി വയനാട്ടിലെ പട്ടികവർഗ സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രമാണ് മ്യൂസിയത്തിൽ ഇടം പിടിക്കുക. തദ്ദേശീയ സമര സേനാനികളെ അടയാളപ്പെടുത്തുന്നതിനും ജന്മനാടിനായുള്ള ത്യാഗ സ്മരണ നിലനിർത്തുന്നതിനുംവേണ്ടിയാണ് മ്യൂസിയം. സാംസ്‌കാരിക പൈതൃകം, പാരമ്പര്യ കലാവിഷ്‌കാരങ്ങൾ, സംഗീതം, ഭക്ഷ്യവൈവിധ്യം തുടങ്ങിയവയും ഉണ്ടാകും. മ്യൂസിയം നിർമാണത്തിലെ ആധുനിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയാകും പദ്ധതി പൂർത്തിയാക്കുക.
ഭാവിയിൽ ഡീംഡ് സർവകലാശാല എന്ന ലക്ഷ്യവും പദ്ധതിയ്‌ക്കുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..