18 December Thursday
പ്രഖ്യാപനം പാഴ്‌വാക്കായി; മാനന്തവാടിയിൽ ഇ-ടോയ്‌ലറ്റ് ആയില്ല

പ്രാഥമികാവശ്യങ്ങൾ 
നിർവഹിക്കാൻ സൗകര്യമില്ല

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

ഇ ടോയ്‌ലറ്റിനായി കണ്ടെത്തിയ മാനന്തവാടി ഗാന്ധിപാർക്കിലെ സ്ഥലം

 
മാനന്തവാടി
നഗരസഭയിൽ ഇ –- ടോയ്‌ലറ്റ് പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ശുചിമുറിയുടെ പണി ആരംഭിച്ചില്ല. ബയോസെപ്റ്റിക് ടാങ്ക് സംവിധാനത്തോടെയുള്ള രണ്ട് പോർട്ടബിൾ ഇ- ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നതിനായി ഗാന്ധി പാർക്കിൽ   ടാങ്കുകൾ സ്ഥാപിച്ചിരുന്നു. രണ്ട് ദിവസത്തിനകം പണി പൂർത്തിയാകുമെന്നത്‌  പ്രഖ്യാപനം മാത്രമായി. 
മാനന്തവാടി ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത് എൽഎഫ് സ്‌കൂൾ അധികൃതർ നഗരസഭക്ക് വിട്ടുനൽകിയ സ്ഥലത്ത് 60 ലക്ഷം രൂപ വിനിയോഗിച്ച്‌  ശുചിമുറി നിർമിക്കാനുള്ള പദ്ധതിയും നിലച്ചു.  പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ്‌ അഞ്ച് മാസം കഴിഞ്ഞിട്ടും   ശൗചാലയത്തിന്റെ അടിത്തറ പോലും പൂർത്തിയായിട്ടില്ല. മാനന്തവാടി നഗരത്തിലെത്തുന്നവർ  പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാതെ വലയുകയാണ്‌.  നേരത്തേ ഗാന്ധിപാർക്കിനോട് ചേർന്നുണ്ടായിരുന്ന ശൗചാലയം റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയതോടെയാണ്  സ്ഥതി രൂക്ഷമായത്‌. ‌പകരം സംവിധാനമൊരുക്കാൻ ഇതുവരെയും നഗരസഭക്ക് സാധിച്ചിട്ടില്ല. 
ഇതോടെ സ്‌ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് ദുരിതമനുഭവിക്കുന്നത്. ശുചിമുറി  സംവിധാനമൊരുക്കണമെന്നതുൾപ്പടെയുള്ള  ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം നഗരസഭയിലേക്ക് മാർച്ച്‌ നടത്തിയിരുന്നു. അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തി വേഗത്തിൽ നടത്താനുള്ള ഇടപെടൽ നഗരസഭാ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നതാണ്‌ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top