08 May Wednesday
വിലമതിക്കാനാവാത്ത നിധി

ഓർമകളുടെ ട്രാക്കിൽ 
ഇബ്രാഹിം

വികാസ്‌ കാളിയത്ത്‌Updated: Thursday Sep 22, 2022

ഇബ്രാഹിം ചീനിക്ക

 
കൽപ്പറ്റ
"ബത്തേരി സർവജന ഹയർസെക്കൻഡറി സ്‌കൂളിൽ ഇരുനൂറ്‌ മീറ്റർ തികച്ചില്ലാത്ത ഗ്രൗണ്ടിലായിരുന്നു ഓട്ടത്തിന്റെ തുടക്കം. എട്ടാം ക്ലാസ്‌ മുതൽ സ്‌കൂൾ മീറ്റിൽ പങ്കെടുത്തു. 1978ൽ പത്തിൽ പഠിക്കുമ്പോഴാണ്‌ ആദ്യമായി ജില്ലാ സ്‌കൂൾ മീറ്റിൽ പങ്കെടുത്തത്‌. വയനാട്‌ ജില്ല രൂപീകരിക്കുംമുമ്പ്‌ വയനാട്‌കൂടി ഉൾപ്പെടുന്ന കോഴിക്കോട്‌ ജില്ലക്ക്‌ വേണ്ടി കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ഗ്രൗണ്ടിലായിരുന്നു മത്സരം. നാലിനങ്ങളിൽ സ്വർണമണിഞ്ഞു.' –-വയനാട്‌ ജില്ലാ സ്‌റ്റേഡിയം ഉദ്‌ഘാടനത്തിന്റെ കേളികൊട്ട്‌ ഉയരുമ്പോൾ ജില്ലയിൽനിന്ന്‌ ആദ്യമായി ഏഷ്യാഡിൽ പങ്കെടുത്ത ഇബ്രാഹിം ചീനക്കയ്‌ക്ക്‌ ട്രാക്കുകളിൽനിന്ന്‌ ട്രാക്കുകളിലേക്കുള്ള ഓർമകളുടെ  കടലിരമ്പം.  പ്രത്യേക പരിശീലകരൊന്നുമില്ലാത്ത സർവജനയിലും ബത്തേരി സെന്റ്‌ മേരീസിലുമെല്ലാം ഓടിയതാണ്‌ അനുഭവം. സ്‌കൂൾ മത്സരങ്ങൾക്ക്‌ ശേഷം  അന്തർ സർവകലാശാലാ തലങ്ങളിലും തിളങ്ങി. 1985ൽ ചെന്നൈയിൽ നടന്ന ദേശീയ അത്‌ലറ്റിക്‌സിൽ 800 മീറ്റിൽ വെള്ളിനേടിയതോടെ ഇന്ത്യൻ ക്യാമ്പിലെത്തി. ആ വർഷം സാഫ്‌ ഗെയിംസിൽ 4-–-400 മീറ്ററിൽ സ്വർണം നേടി.  1985ൽ ജക്കാർത്ത ഏഷ്യൻ ട്രാക്ക്‌ ആൻഡ്‌  ഫീൽഡ്‌ മീറ്റിലും 1986ൽ സിയോൾ ഏഷ്യൻ ഗെയിംസിലും പങ്കെടുത്തു. 1988ൽ ജി വി രാജ അവാർഡ്‌ ‌ ലഭിച്ചു.  ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥനായി വിരമിച്ച ഇബ്രാഹിം ചീനക്ക ബത്തേരി കോട്ടക്കുന്ന്‌  സ്വദേശിയാണ്‌.
സ്‌റ്റേഡിയവും പുതിയ സിന്തറ്റിക്ക്‌ ട്രാക്കും പുതുതലമുറ കായികതാരങ്ങൾക്ക്‌ ലഭിച്ച വിലമതിക്കാനാവാത്ത നിധിയാണെന്ന്‌ അദ്ദേഹം പറഞ്ഞു. പുതുതാരങ്ങൾക്ക്‌ പുതിയ ദൂരവും ഉയരവും സമയവും കണ്ടെത്താൻ  സ്‌റ്റേഡിയവും  മുതൽക്കൂട്ടാകും. കരുത്തുറ്റ താരങ്ങൾ വയനാട്ടിലുണ്ട്. അവരെ കണ്ടെത്തി പരിശീലനം നൽകണമെന്നും ഇബ്രാഹിം ചീനിക്ക പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top