24 April Wednesday
ഗോത്ര പൈതൃക ഗ്രാമം കലക്ടർ സന്ദർശിച്ചു

‘എൻ ഊര്’ ഒരു മാസത്തിനകം പൂർത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

ലക്കിടിയിൽ എൻ ഊര് ഗോത്രപൈതൃക ഗ്രാമം പദ്ധതി നിർമാണ പ്രദേശം കലക്ടർ എ ഗീത സന്ദർശിക്കുന്നു

 
കൽപ്പറ്റ
 എൻ ഊര് ഗോത്ര പൈതൃക ഗ്രാമം രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ഒരു മാസത്തിനകം പൂർത്തിയാക്കാൻ കലക്ടറുടെ നിർദേശം. വൈത്തിരി പഞ്ചായത്തിലെ ലക്കിടിയിൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ നിർമാണ പുരോഗതി നേരിൽ വിലയിരുത്തിയശേഷമാണ്‌ കലക്ടർ എ ഗീത ഈ നിർദേശം നൽകിയത്‌. 
  സബ് കലക്ടർ ആർ ശ്രീലക്ഷ്മി, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ്, സെക്രട്ടറി പി കെ ഇന്ദിര, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മുഹമ്മദ്, എൻ ഊര് സെക്രട്ടറി ഇൻചാർജ് എ മണി, സെക്രട്ടറി വി ബാലകൃഷ്ണൻ, സിഇഒ പി എസ്‌ ശ്യാം പ്രസാദ്‌, നിർമിതി ആർക്കിടെക്ട് കെ കെ എമിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. 
   വയനാട്ടിലെ ചിതറിക്കിടക്കുന്ന ഗോത്രവിഭാഗങ്ങളുടെ സാംസ്‌കാരിക പൈതൃകങ്ങളും പരമ്പരാഗത അറിവുകളും കോർത്തിണക്കി ഈ മേഖലയുടെ ഉയർച്ചക്കൊപ്പം നാടിന്റെ ഉണർവും ലക്ഷ്യമിട്ടിട്ടുള്ളതാണ് എൻ ഊര് ഗോത്ര പൈതൃകഗ്രാമം. സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി തേയില എസ്‌റ്റേറ്റിന്റെ ലക്കിടി ഡിവിഷനിലെ 25 ഏക്കർ സ്ഥലത്താണ് പദ്ധതി. വയനാട്ടിലെ തനത് ഉൽപ്പന്നങ്ങൾ എൻ ഊരിലെ വിപണിയിൽ ലഭ്യമാവും.    ആദ്യഘട്ടത്തിൽ പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച്‌ ബ്ലോക്കുകളാണ് ഇവിടെ നിർമിച്ച് കഴിഞ്ഞവർഷം ഉദ്ഘാടനംചെയ്തത്. ട്രൈബൽ മാർക്കറ്റ്, ട്രൈബൽ കഫ്റ്റീരിയ, വെയർ ഹൗസ്, ഫെസിലിറ്റേഷൻ സെന്റർ, എക്‌സിബിഷൻ ഹാൾ എന്നിവയാണ് പൂർത്തിയാക്കിയത്. ടൂറിസം വകുപ്പിന്റെ തുക ചെലവഴിച്ച് ഓപ്പൺ എയർ തിയേറ്റർ, ട്രൈബൽ ഇന്റർപ്രെട്ടേഷൻ സെന്റർ, ഹെറിറ്റേജ് വാക്‌ വേ, ചിൽഡ്രൻസ് പാർക്ക്, ആർട്ട് ആൻഡ് ക്രാഫ്ട്‌ വർക്ക്ഷോപ്പ് തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ പണി പൂർത്തിയായിവരുന്നു. ജില്ലാ നിർമിതി കേന്ദ്രയാണ് നിർമാണം ഏറ്റെടുത്തത്.   പദ്ധതി പൂർണമായി യാഥാർഥ്യമാകുന്നതോടെ  50 പേർക്ക്‌ നേരിട്ടും 1000 പേർക്ക്  പരോക്ഷമായും തൊഴിൽ ലഭിക്കും. ജില്ലയിലെ ഗോത്രവിഭാഗത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ നടപ്പാക്കുന്ന ബൃഹത്തായ പദ്ധതിയാണിത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top