24 October Sunday
തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകൾ

ജില്ലയിലും ക്ലബ്‌ ഹൗസുകൾ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
 
കൽപ്പറ്റ
 സമൂഹ മാധ്യമമായ ക്ലബ്‌ ഹൗസിൽ  തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളുണ്ടെന്ന  നിഗമനത്തിൽ ‌ ജില്ലയിലും  പൊലീസ്‌ നിരീക്ഷണം തുടങ്ങി.  ലൈംഗിക ചാറ്റുകള്‍ക്കും വീഡിയോകള്‍ക്കും ക്ലബ് ഹൗസില്‍ ഗ്രൂപ്പുകളുണ്ടെന്നും ഇത്തരത്തിലുള്ള റൂമുകള്‍ സൈബര്‍ ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലും  യുവജനങ്ങളെ വഴിതെറ്റിക്കുന്ന രീതിയിലും ക്ലബ് ഹൗസുകള്‍ ആക്ടീവാണ്.  ഇത്തരം റൂമുകള്‍ സംഘടിപ്പിക്കുന്ന മോഡറേറ്റര്‍,  സ്പീക്കര്‍, ഓഡിയോ പാനലുകള്‍ക്കെതിരെ നിയമ നടപടി   സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.  
   ക്ലബ് ഹൗസിലെ ചതിക്കുഴികൾ തിരിച്ചറിയണമെന്ന്  പൊലീസ് തുടക്കം മുതൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കുവേണ്ടി  വലവിരിച്ച്  കാത്തിരിക്കുന്ന വലിയൊരു തട്ടിപ്പുസംഘം തന്നെയുണ്ട്‌. ഇത് സൂക്ഷിക്കണമെന്നും പൊലീസ് ഫേസ്ബുക്കിലൂടെ നൽകിയ മുന്നറിയിപ്പിലുണ്ട്‌.   ലോക് ഡൗൺ കാലവും, സ്കൂളുകളും  കോളേജുകളും ഇല്ലാത്തതും യുവതലമുറയെ കൂടുതലായി ക്ലബ് ഹൗസിലേക്ക് നയിച്ചു.  വിദ്യാലയങ്ങളിലും  മറ്റും  ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്ന സമയങ്ങളില്‍ പോലും കുട്ടികള്‍ പല ഗ്രൂപ്പുകളിലും സജീവമായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു  എന്നതാണ് മറ്റൊരു അപകടം.  മാതാപിതാക്കളില്‍ പലരും ക്ലാസ് സമയത്ത് കുട്ടികളെ ശല്യം ചെയ്യണ്ടെന്നു കരുതുന്നതും  പല കുട്ടികളും മുതലെടുക്കും. പക്വതയില്ലാത്ത പ്രായത്തില്‍ വിവിധ ഗ്രൂപ്പുകളുടെ ആകര്‍ഷണത്തില്‍ പെട്ടുപോകുന്നവര്‍ അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന അനാവശ്യ കൂട്ടുകെട്ടുകളിലാണ്‌ എത്തിപ്പെടുക.   ഓരോ റൂമിലും സംസാരിക്കുന്ന സ്‌പീക്കർമാരുടെ അനുമതിയില്ലാതെ റെക്കോഡ് ചെയ്യരുതെന്നാണ് ക്ലബ്ഹൗസ്‌ ചട്ടമെങ്കിലും പലരും പാലിക്കാറില്ല. 
 
പതിയിരിപ്പുണ്ട്‌ 
ചതിക്കുഴികൾ
 ‘‘ഗേൾഫ്രണ്ട്സ് വാണ്ടഡ്,  ലൈറ്റ് നൈറ്റ് ടോക്ക്സ്,  സിംഗിള്‍ ആയി വരൂ കമ്മിറ്റഡ് ആയി പോകാം, ഡിസ്‌പ്ലേ  പിക്ച്ചര്‍ കണ്ട് പ്രണയം തുറന്നു പറയാം, സിംഗിളായി വന്നു മിംഗിളായി പോകാം, പ്രൊപ്പോസല്‍ ചലഞ്ച്ഗെയിം... ഇതെല്ലാം ക്ലബ് ഹൗസിലെ ചൂടൻ ചർച്ചകളിൽ ചിലതു മാത്രം. ചെറുപ്പക്കാരെയും വിദ്യാര്‍ഥികളെയും ആകര്‍ഷിക്കാന്‍ വ്യത്യസ്ത പേരുകള്‍ നല്‍കി നിരവധി റൂമുകളാണ് ദിവസേന സൃഷ്ടിക്കപ്പെടുന്നത്.  ഇവയില്‍ പലതിലെയും അംഗങ്ങള്‍ 10, 11, 12 ക്ലാസുകളില്‍ പഠിക്കുന്നവരും 18 വയസ്സ്‌ തികയാത്തവരുമായ വിദ്യാർഥികളാണ്‌. 
   സ്വന്തം വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും മറ്റുള്ളവരുടെ മുന്നില്‍ തുറന്നു കാണിക്കുന്നതിന്റെ  ആപത്തും സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ  അപകടവുമൊന്നും മനസ്സിലാക്കാതെയാണ് കുട്ടികള്‍ ഉള്‍പ്പെടെ ഈ ചതിക്കുഴിയിലേക്ക് ചാടുന്നത്.  ചൂടൻ ചാറ്റുകളിൽ ഇടം പിടിച്ച് സ്ക്രീൻ റെക്കോഡ് ചെയ്തും സ്ക്രീൻ ഷോട്ടുകൾ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വിരുതന്മാരും നിരവധി. റെക്കോഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തിൽ സ്വകാര്യ റൂമുകളിൽ ‘സെൻസറിങ്‌’ ഇല്ലാതെ പറയുന്ന വിവരങ്ങൾ മണിക്കൂറുകൾക്കകം തന്നെ വൈറലാകുന്നു. ക്ലബ് ഹൗസിലെ ഓഡിയോ ചാറ്റ് സ്ക്രീൻ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതിന്  ജില്ലയിൽ നിന്ന് മാസങ്ങൾക്കു മുമ്പ് ഒരു പരാതി പൊലീസിന് ലഭിച്ചിരുന്നു. ഉന്നതതല നിർദേശത്തിന്റെ  അടിസ്ഥാനത്തിൽ ജില്ലയിൽ സൈബർ പൊലീസ് ഇത്തരത്തിലുള്ള റൂമുകളിൽ നിരീക്ഷണം തുടങ്ങിയിട്ടുണ്ട്.  കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ  ക്ലബ്ഹൗസിൽ ചർച്ചയാക്കുന്ന കാഴ്‌ച  പതിവാണ്.  മതമാണ് ഏറ്റവും വലിയ വിഷയമായി തെരഞ്ഞെടുക്കുന്നത്. സ്വന്തം മതത്തെ കാലിക പ്രസക്തിയുള്ള വാർത്തകൾക്കനുസരിച്ച് അനുകൂലിക്കുന്നവരും അതിനെ എതിർക്കുന്നവരും ഒരേ റൂമുകളിൽ തീപ്പൊരിച്ചർച്ചകളിൽ സജീവമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top