26 April Friday

മുള്ളക്കുറുമരുടെ ജീവിതം പഠിച്ച്‌ ഡോക്ടറേറ്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
കൽപ്പറ്റ
  മുള്ളക്കുറുമരുടെ സാംസ്‌കാരിക  ജീവിതം പഠനവിധേയമാക്കിയ അധ്യാപകന്‌ ഡോക്ടറേറ്റ്‌. വാകേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകനായ കെ കെ ബിജുവാണ്‌  ‘മുള്ളക്കുറുമരുടെ നാട്ടുവഴക്കവും സാംസ്‌കാരിക വിശകലനവും’ എന്ന വിഷയത്തിൽ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാലയിൽനിന്ന്‌ പിഎച്ച്‌ഡി കരസ്ഥമാക്കിയത്‌. പി ദിലീപ്‌ കുമാറിന്റെ കീഴിലായിരുന്നു പഠനം.  
   ഈ വിഭാഗത്തിന്റെ ജീവിതം പഠനവിധേയമാക്കിയ ബിജു മുള്ളക്കുറുമരിൽനിന്ന്‌ അവരുടെ ജീവിതാവസ്ഥകളും സാംസ്‌കാരിക പൈതൃകവും  രേഖപ്പെടുത്തിയ നിരവധി താളിയോലകളും കണ്ടെത്തിയിരുന്നു. മീനങ്ങാടി, നെല്ലാറച്ചാൽ, മഡൂർ എന്നിവിടങ്ങളിലെ  ഊരുമൂപ്പന്മാരിൽനിന്നാണ്‌ താളിയോലകൾ ലഭിച്ചത്‌.  കിട്ടിയ താളിയോലകളിൽ ഒന്നിൽ തീയതി രേഖപ്പെടുത്തിയിട്ടുണ്ടെന്ന്‌ ബിജു പറഞ്ഞു. 110 വർഷം മുമ്പുള്ളതാണ്‌ അത്‌. മറ്റുള്ളതിൽ തീയതി രേഖപ്പെടുത്താത്തതിനാൽ പഴക്കം മനസ്സിലാക്കാനായിട്ടില്ല. മലയാളം തന്നെയാണെങ്കിലും മുള്ളക്കുറുമരുടെ സംസാര ഭാഷയിലാണ്‌ എഴുതിയത്‌. അഹിംസ, സമാധാനത്തിന്റെ സന്ദേശം  എന്നിവയ്‌ക്കാണ്‌ താളിയോലകളിലെ പാട്ടുകളിൽ കൂടുതലും പ്രാധാന്യം. ജൈനമതത്തിന്റെ സ്വാധീനമാണ്‌ കാരണമെന്നാണ്‌ ബിജുവിന്റെ നിഗമനം. അതുപോലെ മഹാഭാരതത്തിലെ പല കഥകളും വ്യത്യസ്തമായാണ്‌  താളിയോലകളിൽ അവതരിപ്പിച്ചത്‌. താളിയോലകൾ വായിക്കാനറിയുന്നവർ ഈ വിഭാഗത്തിനിടയിൽ  ഇപ്പോഴുമുണ്ട്‌. മരിച്ച്‌ കഴിഞ്ഞാൽ ഭൗതികാവശിഷ്ടങ്ങൾ മുഴുവൻ കുഴിയിൽ അടക്കംചെയ്യണമെന്ന ആചാരം നിലനിൽക്കുന്നതിനാലാണ്‌ മിക്ക താളിയോലകളും നഷ്ടപ്പെട്ടുപോയതെന്നും ബിജു പറഞ്ഞു.  ‘ആദിവാസി  സ്വയംഭരണത്തിൽനിന്ന്‌ ദേശരാഷ്ട്ര പൗരത്വത്തിലേക്ക്‌ ’ എന്ന പുസ്‌തകവും ബിജു പുറത്തിറക്കിയിട്ടുണ്ട്‌. കെഎസ്‌ടിഎയുടെ ബത്തേരി സബ്‌ജില്ലാ പ്രസിഡന്റ്‌ കൂടിയാണ്‌ ബിജു. വാകേരി കല്ലമ്പള്ളിയിൽ കരുണാകരന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: ശരണ്യ. മക്കൾ: ഗൗതമൻ, ജിനതേജ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top