25 April Thursday
- റേഷൻ കാർഡ്‌

2335 അനർഹരെ മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021
 
കൽപ്പറ്റ
ജില്ലയിൽ അനർഹരായ  2335  പേരെ റേഷൻ  മുൻഗണനാ വിഭാഗത്തിൽനിന്ന്‌ പൊതുവിഭാഗത്തിലേക്ക്‌ മാറ്റി. അനർഹമായി കൈവശം വച്ചിരിക്കുന്ന റേഷൻ കാർഡുകൾ പിഴ കൂടാതെ സമർപ്പിക്കാൻ ജൂൺ മുതലാണ്‌ സർക്കാർ അവസരം നൽകിയത്‌. കഴിഞ്ഞ 15 ആയിരുന്നു അവസാനതീയതി. എഎവൈ, മുൻഗണന, സബ്‌സിഡി വിഭാഗങ്ങളിലുള്ള കാർഡുകളാണ്‌ വരുമാനം അടിസ്ഥാനപ്പെടുത്തി പൊതുവിഭാഗത്തിലേക്ക്‌ മാറ്റിയത്‌. 
   മാസം സൗജന്യമായി 28 കിലോ അരിയും ഏഴുകിലോ ഗോതമ്പും ലഭിക്കുന്ന എഎവൈ വിഭാഗത്തിലുള്ള 377 പേരെ പൊതുവിഭാഗത്തിലേക്ക്‌ മാറ്റി.  സബ്‌സിഡി ലഭിക്കുന്ന പിങ്ക്‌ കാർഡുള്ള  -1215 പേരെയും നീല കാർഡുള്ള  -743 പേരെയും മാറ്റി. എല്ലാവരും സ്വമേധയാ സപ്ലൈ ഓഫീസിൽ വിവരമറിയിച്ച്‌ മാറ്റുകയായിരുന്നു. അനർഹർക്ക് പൊതു വിഭാഗത്തിലേക്ക്‌  ഇനിയും മാറാമെന്നും പുതിയ മുൻഗണനാ കാർഡുകൾ നൽകിക്കഴിഞ്ഞാൽ 26നുശേഷം പരിശോധന നടത്തുമെന്നും ജില്ലാ സപ്ലൈ ഓഫീസർ പി എ സജീവ്‌ പറഞ്ഞു. റേഷൻ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ്‌ പരിശോധന നടത്തുക.  റേഷൻ ഉടമകൾ, ജനപ്രതിനിധികൾ എന്നിവർ ഇതിനായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലാകെ  2,27,333 റേഷൻ കാർഡുടമകളാണുള്ളത്‌.  50,784 എഎവൈ കാർഡുകളും 73,532 പിങ്ക്‌ കാർഡുടമകളും 52,047 നീല കാർഡുടമകളും 5026 വെള്ള കാർഡുടമകളും 84 ബ്രൗൺ കാർഡുടമകളും ജില്ലയിലുണ്ട്‌. എഎവൈ വിഭാഗത്തിലെ   47,000 ത്തോളം പേർ ആദിവാസികളാണ്. സർക്കാർ ജോലി, സ്ഥിരവരുമാനം, വീടിന്റെ വിസ്‌തീർണം, വാഹനങ്ങൾ എന്നിവയാണ്‌ അനർഹരായി പരിഗണിക്കുന്നത്‌. പൊതുവിഭാഗത്തിലേക്ക്‌ മാറുമ്പോൾ  അനർഹരിൽനിന്ന്‌ തുക ഈടാക്കുന്ന രീതിയായിരുന്നു മുമ്പ്‌ സ്വീകരിച്ചിരുന്നത്‌. നിലവിൽ പിഴയീടാക്കാതെയാണ്‌ കാർഡ്‌ മാറ്റുന്നത്. അതിനാൽതന്നെ നിരവധി പേർ സ്വമേധയാ സപ്ലൈ ഓഫീസിലേക്ക്‌ വിളിച്ചുപറയുകയോ, നേരിട്ടെത്തിയോ മാറ്റാൻ ആവശ്യപ്പെടുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top