25 April Thursday
കർഷകദ്രോഹം:

ദേശസാൽകൃത ബാങ്കുകൾക്കെതിരെ ഉജ്വല പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

എൽഡിഎഫ്‌ നേതൃത്വത്തിൽ സംഘടിപ്പിച്ച ലീഡ്‌ ബാങ്ക്‌ ധർണ സംസ്ഥാന കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു

 
കൽപ്പറ്റ 
സർഫാസി നിയമം ദുരുപയോഗിച്ച്‌ ദേശസാൽകൃത ബാങ്കുകൾ കർഷകരെ കൊള്ളയടിക്കുന്നതിനെതിരെ ഉജ്വല പ്രതിഷേധം. ബാങ്കുകളുടെ ജപ്‌തിഭീഷണിയെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന്‌ എൽഡിഎഫ്‌ പ്രഖ്യാപിച്ചു. പൂതാടിയിൽ സൗത്ത്‌ ഇന്ത്യൻ ബാങ്കിന്റെ ജപ്‌തിഭീഷണിയിൽ ആത്മഹത്യചെയ്യാനിടയായ അഭിഭാഷകന്റെ ബാധ്യത എഴുതിത്തള്ളാമെന്ന ഉറപ്പ്‌ ബാങ്ക്‌ അധികൃതർ പാലിക്കാത്തതിനെതിരെയും പ്രതിഷേധം അലയടിച്ചു. സർഫാസി നിയമത്തിന്റെ മറവിൽ നടത്തുന്ന റിക്കവറി ടീമിന്റെ പ്രാകൃത സമീപനം അവസാനിപ്പിക്കുക, കാർഷിക കടാശ്വാസ കമീഷൻ പരിധിയിൽ ദേശസാൽകൃത ബാങ്കുകളെയും ഉൾപ്പെടുത്തുക, കേരള സർക്കാർ മാതൃകയിൽ ഒറ്റത്തവണ തീർപ്പാക്കൽ കേന്ദ്രവും നടപ്പാക്കുക, സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ ഒത്തുതീർപ്പ്‌ വ്യവസ്ഥകൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ കൽപ്പറ്റ ലീഡ്‌ ബാങ്കിനുമുന്നിൽ എൽഡിഎഫ്‌ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്‌. 
ദേശസാൽകൃത ബാങ്കുകൾ ജില്ലയിലെ കർഷകർക്കുനേരെ പ്രാകൃത നടപടികളാണ്‌ സ്വീകരിക്കുന്നത്‌. വായ്‌പ തിരിച്ചുപിടിക്കാൻ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കുന്ന നടപടിയിൽ വ്യാപക പ്രതിഷേധമുണ്ട്‌. വായ്‌പയ്‌ക്ക്‌ സമീപിക്കുന്നവരെ അനാവശ്യ കാരണങ്ങൾ പറഞ്ഞ്‌ ചില ബാങ്ക്‌ ഉദ്യോഗസ്ഥർ മടക്കുകയാണ്‌. കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്ന വയനാട്ടിലെ ജനങ്ങളെ പ്രയാസപ്പെടുത്തുന്ന ബാങ്കുകളുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന്‌ സമരക്കാർ പ്രഖ്യാപിച്ചു. 
ധർണ ലീഡ്‌ ബാങ്കായ കനറാ ബാങ്കിനുമുന്നിൽ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര അധ്യക്ഷനായി. എൻ ഒ ദേവസ്യ, കെ ജെ ദേവസ്യ, കുരിയാക്കോസ് മുളളൻമട, ഷാജി ചെറിയാൻ,  സണ്ണി മാത്യു, കെ പി ശശികുമാർ, മുഹമ്മദ് പഞ്ചാര എന്നിവർ സംസാരിച്ചു.  ജപ്തി ഭീഷണിയെ തുടർന്ന്  ഇരുളത്തെ അഭിഭാഷകൻ എം വി ടോമി ജീവനൊടുക്കിയതിനെ തുടർന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് കർഷക സംഘടനകളുമായി ഉണ്ടാക്കിയ കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട്  കർഷക സംഘം ജില്ലാ സെക്രട്ടറി പി കെ സുരേഷ് പ്രമേയം അവതരിപ്പിച്ചു.  എൽഡിഎഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ  സ്വാഗതവും സിപിഐ എം കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top