26 April Friday

5 പേർക്കുകൂടി‌ രോഗമുക്തി

സ്വന്തം ലേഖകൻUpdated: Friday May 22, 2020
കൽപ്പറ്റ
കോവിഡ്‌ വ്യാപന ഭീതിയിലായ ജില്ലക്ക്‌  ആശ്വാസം. വ്യാഴാഴ്‌ച അഞ്ചുപേർ രോഗമുക്തരായി. ഇതോടെ കോവിഡ്‌ ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ  എണ്ണം പതിനൊന്നായി കുറഞ്ഞു. ആറ്‌ ദിവസമായി പുതിയ രോഗബാധിതരുമില്ല. കോവിഡ്‌ 19 ബാധിച്ച്‌ ചികിത്സയിലുണ്ടായിരുന്ന മാനന്തവാടി പൊലീസ്‌ സ്‌റ്റേഷനിലെ രണ്ട്‌ പൊലീസുകാർ, ചെന്നൈയിൽ പോയിവന്ന ലോറി ഡ്രൈവറുടെ മകൻ, മരുമകൻ, ദുബായിൽനിന്നും വന്ന  യുവാവുമാണ്‌ രോഗമുക്തരായി ആശുപത്രി വിട്ടത്‌. എല്ലാവർക്കും 14 ദിവസം ഹോം ക്വാറന്റൈൻ നിർദേശിച്ചിട്ടുണ്ട്‌.   ബുധനാഴ്‌ച്ച കമ്മന സ്വദേശിയായ യുവാവിനും രോഗം ഭേദമായിരുന്നു. 
കോവിഡ്‌ ബാധിച്ച്‌ 19 പേരാണ്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്‌. 15ന്‌ അഞ്ച്‌ പേർക്ക്‌‌ രോഗം സ്ഥിരീകരിച്ചത്‌ ‌ വലിയ ആശങ്കയാണ്‌ ഉയർത്തിയത്‌.  പിന്നീടിങ്ങോട്ട്‌ പുതിയ പോസിറ്റീവ്‌ കേസുകളുണ്ടായില്ല.‌ എട്ടുപേർ സുഖം പ്രാപിച്ചു. 
ജില്ലയിൽ ഇതുവരെ ഇരുപത്തിയൊന്നുപേർക്കാണ്‌ രോഗം ബാധിച്ചത്‌.   കോവിഡ്‌ ബാധിച്ച ഇതരജില്ലക്കാരായ പൊലീസുകാരെക്കൂടി കണക്കാക്കിയാൽ  എണ്ണം ഇരുപത്തി മൂന്നാണ്‌. ലോക്ക്‌ഡൗണിന്‌ മുമ്പ്‌ വിദേശത്തുനിന്നും വന്ന മൂന്നുപേർക്കായിരുന്നു ആദ്യഘട്ടത്തിൽ രോഗബാധ‌. പിന്നീട്‌ ഒരുമാസം ജില്ലയിൽ പുതിയ പോസിറ്റീവ്‌ കേസുകളുണ്ടായില്ല. ഇതിനിടയിൽ ഈ മൂന്നുപേർ രോഗമുക്തരായി. ചരക്ക്‌ എടുക്കാൻ ചെന്നൈ കോയമ്പേട്‌ മാർക്കറ്റിൽ പോയിവന്ന ലോറി ഡ്രൈവർക്കാണ്‌ നാലാമത്‌ കോവിഡ്‌ പിടിപെട്ടത്‌.  പിന്നീട്‌ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പൊലീസുകാരും ഉൾപ്പെടെ രോഗബാധിതരുടെ എണ്ണമേറി.  നിലവിൽ കൂടുതൽഗപർ  സുഖംപ്രാപിക്കുകയും പുതിയ രോഗബാധിതരില്ലാത്തതും ജില്ലയിലെ കണ്ടെയ്‌ൻമെന്റ്‌ സോണുകളുടെ എണ്ണത്തിലും കുറവ്‌ വരുത്തിയിട്ടുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top