25 April Thursday
ബജറ്റ്‌ അവതരിപ്പിച്ചു

മികവിന്റെ പൂക്കൾ 
വിടർത്താൻ ബത്തേരി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ്‌ ബജറ്റ് അവതരിപ്പിക്കുന്നു

ബത്തേരി
ശുചിത്വത്തിന്റെയും പൂക്കളുടെയും നഗരമായ  ബത്തേരിയെ കൂടുതൽ മികവിലേക്ക്‌ ഉയർത്താനുള്ള പദ്ധതികളുമായി നഗരസഭാ ബജറ്റ്‌.  ശുചിത്വത്തിനുള്ള പ്രാധാന്യം നിലനിർത്തി   കൃഷി,  ക്ഷീരവികസനം,  ഭവനനിർമാണ  മേഖലകൾക്ക്‌ മുൻഗണന നൽകുന്ന ബജറ്റാണ്‌  ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ്‌ അവതരിപ്പിച്ചത്‌. ചെയർമാൻ ടി കെ രമേശ്‌ അധ്യക്ഷനായി.  തുടർച്ചയായി സ്വരാജ്‌ ട്രോഫി പുരസ്‌കാരം സ്വന്തമാക്കിയ നഗരസഭ അതിനനുസൃതമായ  പദ്ധതികളും വകയിരുത്തലുകളുമാണ്‌  ബജറ്റിൽ ഉൾപ്പെടുത്തിയത്‌. 53, 80, 26, 214 രൂപ വരവും 53,22,37,260 രൂപ ചെലവും 57,88,954 രൂപ നീക്കിയിരിപ്പുമാണുള്ളത്‌.  സുസ്ഥിര വികസനമാണ്‌ ലക്ഷ്യമിടുന്നത്‌.  സത്രംകുന്നിൽ കൺവൻഷൻ സെന്റർ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രവും ആധുനിക ക്രിമിറ്റോറിയം ബജറ്റ്‌ വിഭാവനം ചെയ്യുന്നു
 
കാർഷിക
മേഖല
കാർഷിക മേഖലക്ക്‌ 1.1 കോടി രൂപ വകയിരുത്തി.  നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‌  കൂലിചെലവ്‌ സബ്‌സിഡി അനുവദിക്കും. ചെക്ക്ഡാമുകൾ നിർമിക്കും.  തോടുകളും കുളങ്ങളും നവീകരിക്കും. ഗുണനിലവാരമുള്ള നെൽവിത്തും യന്ത്രങ്ങളും കർഷകസമിതികൾക്ക്‌ നൽകും.  കിഴങ്ങുവർഗ വിളക്കിറ്റ്‌ നൽകും. 
 
ക്ഷീരവികസനം
ക്ഷീരകർഷകരുടെ തൊഴിലും വരുമാനവും വർധിപ്പിക്കുന്നതിന്‌ പദ്ധതികൾ. പാലിന്‌ സബ്‌സിഡിയോടൊപ്പം വേനൽക്കാല കാലിത്തീറ്റ, തൊഴിലുറപ്പിൽ നൂറുദിന തൊഴിൽ എന്നിവക്കായി 41.5 ലക്ഷം രൂപ അനുവദിച്ചു.   കൗ ലിഫ്‌റ്റ്‌ യന്ത്രങ്ങൾ  വാങ്ങി മൃഗാശുപത്രി, ക്ഷീരസംഘം എന്നിവക്ക്‌ നൽകും. 
 
മൃഗസംരക്ഷണം
മൃഗാശുപത്രികളിൽ മരുന്ന്‌ വാങ്ങുന്നതിനും പേവിഷബാധ നിർമാർജനത്തിനും ആറ്‌ ലക്ഷം രൂപയുണ്ട്‌. എബിസി പദ്ധതിക്കായി  ഒമ്പത്‌ ലക്ഷവുമുണ്ട്‌.  മത്സ്യകൃഷിക്കായി വീട്ടുവളപ്പിൽ കുളം നിർമാണത്തിന്‌ ധനസഹായം നൽകും.
 
വിദ്യാഭ്യാസം
 സൈനിക്‌ സ്‌കൂൾ പ്രവേശനത്തിന്‌  കുട്ടികൾക്ക്‌ പരിശീലനം നൽകുന്നതിന്‌  14 ലക്ഷം രൂപയുണ്ട്‌. ഗോത്രവർഗ കുട്ടികളുടെ കൊഴിഞ്ഞുപോക്ക്‌ തടയുന്നതിന്‌  സ്‌പെഷ്യൽ പ്രൊമോട്ടർമാരെ 5000 രൂപ ഓണറേറിയം നൽകി നിയമിക്കും.  ഗോത്രസാരഥി, തിങ്കവന്ത്‌ പദ്ധതികൾക്കായി 10 ലക്ഷവും പ്രഭാത ഭക്ഷണത്തിന്‌ 15 ലക്ഷവുമുണ്ട്‌. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹാച്ചറി സ്ഥാപിച്ച്‌ കോഴിമുട്ട വിരിയിച്ചെടുക്കുന്നതിന്‌ അഞ്ച്‌ ലക്ഷം വകയിരുത്തി. 
-
എസ്‌സി, എസ്‌ടി
 വികസനം 
കോളനികളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിന്‌ വിവിധ പദ്ധതികൾ നടപ്പാക്കും. അടിസ്ഥാന സൗകര്യങ്ങൾ പൂർണമായുള്ള കോളനികളെ മാതൃകാ കോളനികളാക്കും. ഇതിന്‌ 50 ലക്ഷം വകയിരുത്തി. 
 
പാർപ്പിടം 
ഭവനപദ്ധതിയിൽ രണ്ടരക്കോടി നീക്കിവച്ചു. വീടുകളുടെ അറ്റകുറ്റ പ്പണിക്കായി 87.5 ലക്ഷവുമുണ്ട്‌. ലൈഫ്‌ പദ്ധതിയിൽ ഹഡ്‌കോയിൽനിന്ന്‌ 4.8കോടി രൂപ വായ്‌പയെടുത്ത്‌ വീടുകൾ നിർമിക്കും. 
 
ആരോഗ്യം
മന്തംകൊല്ലി, പൂതിക്കാട്‌,  തിരുനെല്ലി എന്നിവിടങ്ങളിൽ  അർബൻ പിഎച്ച്‌സികൾ ആരംഭിക്കും. ഓപ്പൺ ജിനേഷ്യത്തിന്‌ അഞ്ച്‌ ലക്ഷവും അലോപ്പതി മരുന്നുകൾ വാങ്ങുന്നതിന്‌ 65.5 ലക്ഷവും ആയുർവേദത്തിന്‌ 19 ലക്ഷം,  ഹോമിയോപ്പതിക്ക്‌ ഏഴര ലക്ഷവും വകയിരുത്തി.  സാന്ത്വന പരിചരണ പദ്ധതിയിൽ മരുന്ന്‌ വാങ്ങുന്നതിന്‌ 15 ലക്ഷവുമുണ്ട്‌. 
 
ശുചിത്വനഗരം–- 
സുന്ദര ഗ്രാമം 
നഗരത്തിന്റെ വൃത്തി നിലനിർത്തുന്നതിനൊപ്പം  ഹരിതകർമസേനയുടെ വാതിൽപ്പടി അജൈവ മാലിന്യ ശേഖരണത്തിനുൾപ്പെടെ  1.5 കോടി രൂപ അനുവദിച്ചു.  മെൻസ്‌ട്രൂവൽ കപ്പ്‌ വിതരണത്തിന്‌ 10 ലക്ഷമുണ്ട്‌.  വ്യക്തിഗത  ശൗചാലയ നിർമാണത്തിന്‌ എട്ടേമുക്കാൽ കോടിയും കേന്ദ്രീകൃത ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിന്‌ 37 ലക്ഷവും തെരുവുവിളക്കുകൾക്കായി 25 ലക്ഷവും നീക്കിവച്ചു. ജനകീയ ഹോട്ടലുകൾക്ക്‌ 30 ലക്ഷവും സുഭിക്ഷ ഹോട്ടലിന്‌ മൂന്ന്‌ ലക്ഷവുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top