26 April Friday
ആരാധനാലയങ്ങളിലെ ഭക്ഷണവിതരണം

ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ 
നിർബന്ധമാക്കും; നടപടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023
 
കൽപ്പറ്റ 
ആരാധനാലയങ്ങളിലൂടെ വിതരണം ചെയ്യുന്ന പ്രസാദം, അന്നദാനം, നേർച്ച ഭക്ഷണം മുതലായ ഭക്ഷണപദാർഥങ്ങളുടെ വിതരണത്തിന് ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ/ ലൈസൻസ് നിർബന്ധമാക്കുന്നതിനുള്ള നടപടി ജില്ലയിൽ ആരംഭിച്ചു. രജിസ്ട്രേഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗം 28ന് പകൽ 3.30ന് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരും. എല്ലാ മതവിഭാഗത്തിൽപ്പെട്ട ആരാധനാലയങ്ങൾക്കും നേതൃത്വം നൽകുന്നവർ യോഗത്തിൽ പങ്കെടുക്കണമെന്ന് കലക്ടർ അറിയിച്ചു.
 കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ബിഎച്ച്ഒജി (ബ്ലിസ്‌ഫുൾ ഹൈജിനിക് ഓഫറിങ്‌ ടു ഗോഡ്) പദ്ധതിയുടെ ഭാഗമായാണ് രജിസ്ട്രേഷൻ നടപ്പാക്കുന്നത്. വർഷത്തിൽ ഒരുതവണ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളാണെങ്കിലും നിബന്ധനകൾ പാലിക്കണം. ഒരുവർഷത്തേക്ക് 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. അഞ്ചുവർഷത്തേക്ക് ഒറ്റത്തവണയായും രജിസ്‌ട്രേഷൻ നടത്താം. ആരാധനാലയത്തിന്റെ ചുമതല വഹിക്കുന്നയാൾ /ഭക്ഷ്യവസ്തുക്കളുടെ നിർമാണച്ചുമതലയുള്ളയാൾ തുടങ്ങി ഉത്തരവാദിത്വപ്പെട്ടയാളുടെ പേരിലാണ് രജിസ്ട്രേഷൻ നൽകുക. അപേക്ഷകന്റെ ഫോട്ടോ, ആധാർകാർഡ് എന്നിവ സഹിതം അക്ഷയ/സിഎസ്‌സി സെന്റർ മുഖേനയോ, നേരിട്ടോ, ഓൺലൈനായോ അപേക്ഷിക്കാം. 
ഇതിനുപുറമെ ഭക്ഷ്യവസ്തുക്കളുടെ നിർമാണം, വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിയമാനുസൃതമുള്ള വ്യക്തിശുചിത്വ ശീലങ്ങളും കർശനമായി പാലിക്കണം. പാചകം ചെയ്യുന്ന സ്ഥലം, ഭക്ഷ്യവസ്തുക്കൾ നിർമിക്കാനുപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കൾ, സംഭരണകേന്ദ്രം, പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതുമായ പാത്രങ്ങൾ എന്നിവ നിലവാരമുള്ളതും വൃത്തിയുള്ളതുമായിരിക്കണം. കുടിവെള്ളത്തിന്റെ ശുദ്ധത, പാചകം ചെയ്യുന്നവരുടെ വൃത്തി തുടങ്ങിയവയും ഉറപ്പുവരുത്തണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമീഷണർ സി വി ജയകുമാർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top