02 May Thursday
ലോകകപ്പ്‌ ആവേശത്തിൽ ജില്ല

ഖത്തറിലാണ്‌ ഖൽബ്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

കൽപ്പറ്റയിൽ നടന്ന ഖത്തർ ലോകകപ്പ്‌ വിളംബര റാലിയിൽ നിന്ന്‌

കൽപ്പറ്റ 
ഖത്തറിന്റെ കളിയരങ്ങിൽ ലോകകപ്പിന്‌ ആദ്യ വിസിൽ മുഴങ്ങുമ്പോൾ മനംനിറയെ ആവേശവുമായി ജില്ലയും. ഒരുമാസം നീളുന്ന കാൽപന്ത്‌ കളിയുടെ ആഘോഷരാവുകളിലേക്ക്‌ അലിയുകയാണ്‌ ജില്ലയിലെ കായികപ്രേമികൾ. ഇഷ്‌ട ടീമുകളുടെ ഫ്ലക്‌സ്‌ ബോർഡും കട്ടൗട്ടുകളും പതാകകളും കമാനങ്ങളുമെല്ലാം ഉയർത്തിയാണ്‌ ലോകകപ്പിനെ ദിവസങ്ങളെണ്ണി വരവേറ്റത്‌. ഇനി കുട്ടായ്‌മകളൊരുക്കി ബിഗ്‌ സ്‌ക്രീനിൽ കാൽപന്ത്‌ കളിയുടെ സൗന്ദര്യം മതിയാവോളം ആസ്വദിക്കും. ലോകം ഒരു പന്തായി ചുരുങ്ങുന്ന സമ്മോഹന മുഹൂർത്തത്തിന്‌ കൈയൊപ്പ്‌ ചാർത്തി നാടെങ്ങും  ഞായറാഴ്‌ച വിളംബരറാലികളും ഘോഷയാത്രകളും  നടന്നു. ഖത്തർ അകലെയല്ല, ഈ ഇടനെഞ്ചുകളിലാണെന്നുള്ള പ്രഖ്യാപനമായി മാറി ആരാധകരുടെ തെരുവുകളിലെ ആഘോഷം.  
കാൽപന്ത്‌ കളിയുടെ വിശ്വപോരാട്ടത്തിന് ഖത്തർ ഉണർന്നുതുടങ്ങിയപ്പോൾ തന്നെ ജില്ലയിലും കളിയാരവും ഉയർന്നുതുടങ്ങിയിരുന്നു. വയനാടിന്റെ ഹരിതാഭയിൽ ബ്രസീലിന്റെ മഞ്ഞയും പച്ചയും അർജന്റീനയുടെ ആകാശനീലമയും പോർച്ചുഗീസിന്റെ  പച്ചയും ചുവപ്പുമെല്ലാം സ്‌നേഹപതാകകളാൽ പാറിത്തുടങ്ങി. 
നെയ്‌മറെയും  മെസിയെയും റോണാൾഡോയെയുമെല്ലാം പൊതുഇടങ്ങളിലും വീട്ടകങ്ങളിലും കൊണ്ടെത്തിച്ച്‌‌ മൂർച്ചയുള്ള വാക്കുകളാലും ട്രോളുകളാലും അടിച്ചും തിരിച്ചടിച്ചും മുന്നേറുകയാണ്‌  "ഫാൻസ്‌'.  ബിഗ്‌ സക്രീനുകൾക്കും ടെലിവിഷനുകൾക്കും മുന്നിലും ഈ   പോരാട്ടം തുടരും. 
ജില്ലയിലൊന്നാകെ ക്ലബ്ബുകളും കൂട്ടായ്‌മകളുമെല്ലാം ലോകകപ്പ്‌ ചർച്ചകളിലാണ്‌. നഗര–-ഗ്രാമ വ്യത്യാസമില്ലാതെ ലോകകപ്പിന്റെ വരവറിയിച്ച്‌ കളിക്കമ്പക്കാർ തെരുവിലിറങ്ങി. കട്ടൗട്ടുകൾ, സൗഹൃദ മത്‌സരങ്ങൾ, വിളംബരറാലികൾ, ഘോഷയാത്രകൾ എന്നിവയെല്ലാം ജില്ലയുടെ ഫുട്‌ബോൾ പ്രേമത്തിന്റെ അടയാളങ്ങളായി. അർജന്റീന,  ബ്രസീൽ,  ഇംഗ്ലണ്ട്‌, പോർച്ചുഗൽ, ജർമനി, ഫ്രാൻസ്‌, പോളണ്ട്‌, സ്‌പെയിൻ എന്നിങ്ങനെ വിവിധ രാജ്യങ്ങളെ നെഞ്ചോട്‌ ചേർത്താണ്‌ ഞായറാഴ്‌ച ആരാധകർ കളിയാരവത്തിൽ മുങ്ങിയത്‌. ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലും ഫുട്‌ബോൾ അസോസിയേഷനും ഫാൻസ്‌ അസോസിയേഷനുകളുമെല്ലാം ലോകകപ്പ്‌ ആവേശം വിളംബരംചെയ്യുന്ന പരിപാടികളിൽ പങ്കാളികളായി.
 . ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ വിളംബര റാലി നടത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top