കൽപ്പറ്റ
അധികാരത്തേക്കാൾ ശരിക്കൊപ്പം നിൽക്കുകയെന്ന വ്യക്തിത്വമൂല്യം അന്ത്യനാൾവരെ കാത്തുസൂക്ഷിച്ച നേതാവിനെയാണ് പി വി ബാലചന്ദ്രന്റെ വിയോഗത്തിലുടെ നഷ്‌ടമായത്.
ജനപ്രതിനിധി, സഹകാരി, സംഘടനാ നേതാവ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. ദീർഘകാലം കോൺഗ്രസിന്റെ ജില്ലയുടെ മുഖമായി. നാല് വർഷം മുമ്പാണ് സിപിഐ എമ്മിലേക്ക് എത്തിയത്.
കോൺഗ്രസ് നേതൃത്വത്തിലിരിക്കെതന്നെ പാർടിക്കുള്ളിലെ കൊള്ളരുതായ്മക്കെതിരെ നിരന്തരം കലഹിച്ചു. ബത്തേരി അർബൻ ബാങ്കിൽ തുടരുന്ന അഴിമതി സംബന്ധിച്ച് ഡിസിസി പ്രസിഡന്റായിരിക്കുമ്പോഴും ശക്തമായ ഇടപെടൽ അദ്ദേഹം നടത്തി. ഇതേ തുടർന്ന് പാർടിക്കുള്ളിൽ നിരവധി എതിരാളികളും ഉണ്ടായി. കോൺഗ്രസ് ഭരിക്കുന്ന സ്ഥാപനത്തിനെതിരെ വിജിലൻസിൽ പരാതികൊടുക്കേണ്ട ഗതികേടിലടക്കം എത്തി. കോൺഗ്രസിലെ അഴിമതി രാഷ്ട്രീയത്തിലും കെടുകാര്യസ്ഥതയിലും അവസരവാദത്തിലും പ്രതിഷേധിച്ചാണ് ഒടുവിൽ അദ്ദേഹം രാജിവയ്‌ക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അദ്ദേഹത്തെ ചുവപ്പ് ഹാരമണിയിച്ച് സ്വീകരിച്ചത്.
താൻ സ്ഥാനമാനങ്ങളോ പദവികളോ മോഹിച്ചല്ല പാർടി വിടുന്നതെന്ന് ബാലചന്ദ്രൻ പറഞ്ഞു. സിപിഐ എമ്മിന്റെ മതനിരപേക്ഷ നയങ്ങളിലും ജനകീയ പ്രവർത്തനങ്ങളിലും ആകൃഷ്‌ടനായാണ് വന്നത്. ഈ പാർടിയുടെ സംഘടനാ രീതികളിലും നടപടികളിലും തികഞ്ഞ ബോധ്യമുണ്ട്. മരിക്കുമ്പോൾ ഒരു ചുവന്ന പതാക പുതുക്കണമെന്ന ആഗ്രഹമാണ് ഇനിയുള്ളതെന്നും അമ്പലവയലിലെ ഒരു പൊതുയോഗത്തിൽ അദ്ദേഹം പറയുകയുണ്ടായി.
വിടവാങ്ങിയത് 100 പേർക്ക് തൊഴിലെന്ന
സ്വപ്നം പൂർത്തിയാക്കാതെ
കൽപ്പറ്റ
പി വി ബാലചന്ദ്രൻ വിടവാങ്ങിയത് നൂറുപേർക്കുള്ള തൊഴിൽ സംരംഭം എന്ന സ്വപ്നം പൂർത്തിയാവുംമുമ്പ്. ടൂറിസം മേഖലയിൽ ജില്ലയിലുള്ള തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിലേക്കുള്ള പ്രയത്നത്തിലായിരുന്നു അവസാനനാൾ വരെ.
വിനോദ സഞ്ചാര മേഖലയിലെ സാധ്യതകൾ സാധാരണക്കാർക്ക് പ്രാപ്യമാക്കുന്നതിനെക്കുറിച്ച് വാചാലനാകുമായിരുന്നു അദ്ദേഹം. വ്യക്തമായ കാഴ്ചപ്പാട് ഉള്ളതുകൊണ്ടുതന്നെ വൻ പിന്തുണയും ഇതിന് ലഭിച്ചു. തുടർന്ന് ഗ്രീൻവാലി ടൂറിസം കമ്പനി രജിസ്റ്റർചെയ്ത് പ്രവർത്തനം തുടങ്ങി. റിസോർട്ട്, റസ്റ്റോറന്റ്, ഹോംസ്റ്റേകൾ, കോഫി ഷോപ്പുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി ആരംഭിക്കുന്നതാണ് പദ്ധതി. തൊവരിമലയിൽ ഭൂമിയും വാങ്ങി. തുടർ പ്രവർത്തനങ്ങൾ തകൃതിയായി മുന്നോട്ടുപോകുന്നതിനിടെയാണ് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടത്.
ആശുപത്രിയിലെത്തിയ സിപിഐ എം നേതാക്കളോടും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിലായിരുന്നു ഏറെ താൽപ്പര്യം കാണിച്ചിരുന്നത്. അസുഖം മാറി തിരിച്ച് വന്നയുടൻ തുടർ പ്രവർത്തനങ്ങളിൽ സജീവമാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു
മുഖ്യമന്ത്രി
അനുശോചിച്ചു
തിരുവനന്തപുരം
വയനാട് ജില്ലയിലെ മുതിർന്ന പൊതുപ്രവർത്തകൻ പി വി ബാലചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
ഏറെക്കാലം കോൺഗ്രസിന്റെ ജില്ലയിലെ സമുന്നത നേതാവും ഡിസിസി പ്രസിഡന്റുമായിരുന്ന ബാലചന്ദ്രൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു
കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..