കൽപ്പറ്റ
അനീഷയുടെ കൊലപാതക വിവരത്തിന്റെ ഞെട്ടലിലാണ് വെണ്ണിയോട്. നേരം വെളുത്തപ്പോൾ കേട്ട അനീഷ മരിച്ചെന്ന വാർത്ത ഇവിടുത്തുകാർക്ക് വിശ്വസിക്കാനായില്ല. രാവിലെത്തന്നെ നാട്ടുകാരെല്ലാം മുകേഷിന്റെ വീടിന് മുമ്പിൽ തടിച്ചുകൂടി. ചൊവ്വാഴ്‌ച പനമരത്തെ ടെക്സ്‌റ്റയിൽസിൽ ജോലിക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും നാട്ടുകാർ അനീഷയെ കണ്ടിരുന്നു. പ്രദേശത്തുകാർക്ക് പരിചിതനായിരുന്നു മുകേഷ്. ഈ ചെറുപ്പക്കാരൻ എങ്ങനെ കൊലപാതകംചെയ്തെന്ന് നാട്ടുകാർക്ക് വിശ്വസിക്കാനാവുന്നില്ല. ചൊവ്വ രാത്രി പത്തോടെ നടന്ന കൊലപാതകം ബുധൻ രാവിലെയാണ് നാട്ടുകാർ അറിഞ്ഞത്. മുകേഷിന്റെ അയൽവാസിയായ കെ എം ജ്യോതിഷും കുടുംബവും കൊലപാതകത്തെക്കുറിച്ച് അറിഞ്ഞില്ല. മുകേഷിന്റെ വീട്ടിൽ ടിവി ഉയർന്ന ശബ്ദത്തിൽ വച്ചിരുന്നു.
മറ്റ് ശബ്ദം ഒന്നുംതന്നെ കേട്ടില്ല. രാത്രി പൊലീസ് എത്തിയതിനുശേഷമാണ് ഇവരും കൊലപാതകത്തെക്കുറിച്ച് അറിയുന്നത്. അനീഷയുടെ മരണത്തിന്റെ തീരാനോവിലായിരുന്നു കുടുംബം. കടുംബക്കാരെല്ലാം രാവിലെയാണ് മരണവാർത്തയറിഞ്ഞ് വീട്ടിലേക്ക് എത്തിയത്. മകളുടെ മരണവാർത്തയറിഞ്ഞ് അമ്മ വത്സല പൊട്ടിക്കരഞ്ഞ് തളർന്നുവീണു. കരച്ചിൽ അടക്കാനാകാതെ കുടുംബക്കാരെല്ലാം അതീവ ദുഃഖത്തിലായി. ഒമ്പത് വർഷത്തെ പരിചയത്തിന് ശേഷമാണ് മുകേഷും അനീഷയും വിവാഹിതരായത്. പിന്നീട് ചെറിയരീതിയിൽ അസ്വാരസ്യമുണ്ടായി. ഓണത്തിന് മുകേഷ് അനീഷയെ മർദിച്ചതിന്റെ ചിത്രങ്ങൾ അനീഷ അമ്മ വത്സലയുടെ ഫോണിലേക്ക് അയച്ചുകൊടുത്തിരുന്നു. അനീഷയുടെ കൈവശമുണ്ടായിരുന്ന സ്വർണവും പണവുമെല്ലാം മുകേഷ് ധൂർത്തടിച്ച് നശിപ്പിച്ചെന്നും ജോലിക്ക് പോയ പണംവരെ വാങ്ങാറുണ്ടെന്നും ഒന്നും കിട്ടാതായതോടെയാണ് കൊലപാതകം നടത്തിയതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..