11 December Monday
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം

മക്കിമലയുടെ കണ്ണീരൊപ്പി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023
മക്കിമല
വാഹനാപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ആശ്വാസമേകി സംസ്ഥാന സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ പത്തുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് മൂന്നുലക്ഷംരൂപ വീതം നൽകാനും ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.  
 ആഗസ്ത്‌ 25-ന് വൈകിട്ട് കണ്ണോത്തുമല കവലയ്ക്ക് സമീപത്തുണ്ടായ അപകടത്തിൽ മക്കിമല ആറാം നമ്പറിലെ ശാന്ത, ഇവരുടെ മകൾ ചിത്ര, ചിന്നമ്മ, ശോഭന, കാർത്യായനി, ലീല, ഷാജ, റാബിയ, വരയാൽ പാറത്തോട്ടം റാണി എന്നിവരാണ്‌ അപകടത്തിൽ മരിച്ചത്‌.  ജീപ്പോടിച്ച മണികണ്ഠൻ, ഇദ്ദേഹത്തിന്റെ ഭാര്യ മോഹനവല്ലി, മണിയുടെ സഹോദരൻ ബാലകൃഷ്ണന്റെ ഭാര്യ ലത, ഉമാദേവി, ജയന്തി എന്നിവർ ഇപ്പോഴും വീട്ടിൽ ചികിത്സയിലാണ്. വരയാലിലെ റാണി മക്കിമലയിലെ മകളുടെ വീട്ടിൽനിന്നാണ് ജോലിക്ക് പോയിക്കൊണ്ടിരുന്നത്. അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായമായി സർക്കാർ പതിനായിരം രൂപ നൽകിയിരുന്നു. പരിക്കേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ ഉൾപ്പെടെ ഉറപ്പുവരുത്തുകയുംചെയ്തു.  
മന്ത്രി എ കെ ശശീന്ദ്രൻ, ഒ ആർ കേളു എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് ക്യാമ്പ്ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.  സിപിഐ എം  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുൾപ്പെടെയുള്ള നേതാക്കൾ മക്കിമലയിലെത്തി വിഷയത്തിന്റെ ഗൗരവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. സർക്കാരിന്റെ നേതൃത്വത്തിൽ റവന്യു, ആരോഗ്യം, പൊലീസ് സംവിധാനം ഏറ്റവും കുറ്റമറ്റരീതിയിൽ ദുരന്തമുഖത്ത് പ്രവർത്തിക്കുകയും ഏവരുടെയും പ്രശംസപിടിച്ച് പറ്റുകയും ചെയ്തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top