കൽപ്പറ്റ
ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ജൂനിയർ, -സീനിയർ അത്‌ലറ്റിക് മീറ്റിൽ കാട്ടിക്കുളം അത്‌ലറ്റിക് അക്കാദമി ജേതാക്കൾ. ജൂനിയർ വിഭാഗത്തിൽ 224 പോയിന്റും പുരുഷ–-വനിതാ വിഭാഗത്തിൽ 54 പോയിന്റും നേടിയാണ് കാട്ടിക്കുളം ജേതാക്കളായത്. ജൂനിയർ വിഭാഗത്തിൽ നൂറുപോയിന്റുമായി കൽപ്പറ്റ സ്പോർട്സ് അക്കാദമി രണ്ടാംസ്ഥാനവും 83 പോയിന്റുമായി ജിഎച്ച്‌എസ്‌എസ് ആനപ്പാറ മൂന്നാം സ്ഥാനവും നേടി. പുരുഷ–-വനിതാ വിഭാഗത്തിൽ പത്‌മപ്രഭാ ഗ്രന്ഥാലയം കൈനാട്ടി 45 പോയിന്റുമായി റണ്ണറപ്പായി.
അണ്ടർ 18, അണ്ടർ -20 ബോയ്സ്, ഗേൾസ് വിഭാഗത്തിൽ എല്ലാ കുട്ടികളും മേധാവിത്വം പുലർത്തി. അണ്ടർ 14 ബോയ്‌സ് വിഭാഗത്തിൽ 16 പോയിന്റുമായി കാട്ടിക്കുളവും ഗേൾസിൽ 27 പോയിന്റുമായി പനമരം ക്രസന്റ് അക്കാദമിയും ഒന്നാമതെത്തി. അണ്ടർ 16 ബോയ്‌സ് വിഭാഗത്തിൽ 27 പോയിന്റുമായി കൽപ്പറ്റ സ്‌പോർട്‌സ് ഹോസ്‌റ്റൽ മുന്നിലെത്തിയപ്പോൾ ഗേൾസിൽ 24 പോയിന്റുമായി കാട്ടിക്കുളം ഒന്നാമതായി.
വയനാടിന്റെ കായികക്കുതിപ്പിന് പുത്തനുണർവേകിയ മത്സരത്തിൽ അസോസിയേഷനിൽ അംഗത്വമുള്ള സ്‌കൂൾ, കോളേജ്, ക്ലബ്ബുകളിൽനിന്ന് 650ഓളം കായികതാരങ്ങളാണ് രണ്ടുദിവസമായി നടന്ന മത്സരത്തിൽ പങ്കെടുത്തത്. സമാപന സമ്മേളനത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം മധു സമ്മാനങ്ങൾ വിതരണംചെയ്‌തു. അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് കെ പി വിജയി അധ്യക്ഷയായി. ഷഫീഖ് ഹസ്സൻ, വി കെ തങ്കച്ചൻ, എൻ സി സാജിദ് എന്നിവർ സംസാരിച്ചു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ് സ്വാഗതവും സജീഷ് മാത്യു നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..