25 April Thursday
- പൊട്ടിത്തെറിച്ച്‌ കോൺഗ്രസ്‌

ആര്‌ ആർക്കെതിരെ 
നടപടിയെടുക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021
കൽപ്പറ്റ
അർബൻ ബാങ്ക്‌ അഴിമതിയുമായി ബന്ധപ്പെട്ട്‌   കെപിസിസി നിയോഗിച്ച  അന്വേഷണ കമീഷന്‌ മുമ്പിൽ പരാതിപ്രവാഹം. സണ്ണിജോസഫ് എംഎൽഎ,  കെ പി ധനപാലൻ എന്നിവർ അംഗങ്ങളായ സമിതിക്ക്‌ മുമ്പിൽ എത്തിയ പരാതികളേറെയും ജില്ലയിലെ സമുന്നത  നേതാക്കൾക്കെതിരെ. ഡിസിസി അന്വേഷണ കമീഷൻ റിപ്പോർട്ട്‌‌ ചോർന്നത്‌ സംബന്ധിച്ചും പരാതികളെത്തി. ഒരുവിഭാഗത്തെ വെള്ളപൂശിയാണ്‌  ഡിസിസി സെക്രട്ടറി  കെ ഇ വിനയൻ ചെയർമാനായ  കമീഷൻ  റിപ്പോർട്ട്‌ നൽകിയതെന്നാണ്‌ ആക്ഷേപം. ഇത്‌ മാധ്യമങ്ങൾക്ക്‌ ചോർത്തിനൽകിയവരെക്കുറിച്ചും  അന്വേഷണം നടത്തണം. പാർടി നടപടിയെടുത്ത  കെ കെ ഗോപിനാഥനെ അനുകൂലിക്കുന്ന നൂറിലധികംപേരാണ്‌  ശനിയാഴ്ച ഡിസിസിയിൽ നടന്ന  സിറ്റിങ്ങിൽ തെളിവെടുപ്പിനെത്തിയത്‌. ബത്തേരി താലൂക്കിൽ‌  കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണസ്ഥാപനങ്ങളിൽ വ്യാപകമായി അഴിമതി നടന്നിട്ടുണ്ടെന്ന്‌ ഇവർ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ സമുന്നത നേതാക്കളെല്ലാം കോഴ കൈപ്പറ്റിയിട്ടുണ്ട്‌. അർബൻ ബാങ്കിൽ ഇത്‌ കിട്ടാതായപ്പോഴാണ്‌  അന്വേഷണ കമീഷനെ നിയോഗിച്ചത്‌.   എന്നാൽ കമീഷൻ ഇവരെ വെള്ളപൂശിയാണ്‌ റിപ്പോർട്ട്‌ നൽകിയത്‌. ലക്ഷങ്ങൾ അഴിമതി വാങ്ങിയ പ്രമുഖരെയെല്ലാം ഒഴിവാക്കി ഗോപിനാഥനൈ മാത്രം ബലിയാടാക്കി. നേതാക്കളുടെ അഴിമതി സംബന്ധിച്ച തെളിവുകൾ തന്റെ പക്കലുണ്ടെന്നും ആവശ്യമെങ്കിൽ   പുറത്തുവിടുമെന്നും ഗോപിനാഥനും ഭീഷണിപ്പെടുത്തിയതായി സൂചനയുണ്ട്‌. 
ഡിസിസി കമീഷന്‌ മുമ്പിൽ  ഗോപിനാഥന്‌ എതിരായി ആസുത്രിതമായി പരാതികളെത്തിച്ചപ്പോൾ ഇത്തവണ നേരെ തിരിച്ചായി. മുൻ ഡിസിസി പ്രസിഡന്റ്‌ കാണിച്ച ജാഗ്രത നിലവിലെ ഡിസിസി പ്രസിഡന്റ്‌ കാണിച്ചില്ലെന്നാണ്‌ ഔദ്യോഗിക വിഭാഗത്തിന്റെ പരാതി. സംഘടനാപരമായി വൻ തകർച്ച നേരിടുന്ന കോൺഗ്രസ്‌  പുതിയ വിവാദങ്ങളോടെ  വൻ പൊട്ടിത്തെറിയിലേക്ക്‌ നീങ്ങുകയാണ്‌. ‌ നേതൃതലത്തിൽ മാത്രം ഒതുങ്ങിയ തർക്കങ്ങൾ കീഴ്‌ഘടകങ്ങളിലേക്കുകൂടി വ്യാപിച്ചതോടെ പാർടി ത്രിശങ്കുവിലായി. റിപ്പോർടിൽ പേര്‌  പരാമർശിക്കപ്പെട്ടതോടെ ഡിസിസി പ്രസിഡന്റിന്‌ തൽസ്ഥാനത്ത്‌ തുടരാൻ അർഹതയില്ലെന്ന വാദവും ഉയരുന്നുണ്ട്‌. ‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top