18 April Thursday

ബാഗ്‌...കുട... പുസ്‌തകം എല്ലാമെത്തി; ഇനി തുറന്നാൽ മതി

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
കൽപ്പറ്റ
പുതിയ അധ്യനവർഷാരംഭത്തിന്‌ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ സ്‌കൂൾ വിപണിയിൽ ഉണർവ്‌. മഴ വ്യാപാരത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ബാഗും കുടയും നോട്ട്‌ ബുക്കുകളുമെല്ലാം വാങ്ങാൻ രക്ഷിതാക്കളും കുട്ടികളും എത്തിത്തുടങ്ങി. കോവിഡ് മഹാമാരി കവർന്ന രണ്ട്‌ വർഷത്തിന്‌ ശേഷം ഇത്തവണ വിദ്യാലയങ്ങൾ  പൂർണതോതിൽ തുറക്കുന്നതിന്റെ ആവേശം എല്ലാവരിലും ഉണ്ട്‌.  
 വ്യാപാരികളും പ്രതീക്ഷയിലാണ്‌. കടകളിലെല്ലാം പുതിയ‌ സ്‌റ്റോക്കെത്തി. വരുംദിവസങ്ങളിൽ കച്ചവടം വർധിക്കുമെന്നാണ്‌ കണക്കുകൂട്ടൽ. സഹകരണ സംഘങ്ങളും സ്‌റ്റുഡന്റ്‌സ്‌ മാർക്കറ്റുകൾ തുടങ്ങിയിട്ടുണ്ട്‌. ഡ്രൈവേഴ്‌സ്‌ കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റി കൽപ്പറ്റ ‘സി മാളിൽ’ ആരംഭിച്ച 
സ്‌റ്റുഡന്റ്‌സ്‌ മാർക്കറ്റിലും തിരക്കേറി.  
കുട്ടികളെ ആകർഷിക്കുന്ന വിവിധ കളറുകളിലും ചിത്രങ്ങളിലുമുള്ള ബാഗുകളും കുടകളുമാണ് വിപണിയിലെ താരം.  400 രൂപ മുതലുള്ള ബാഗുകളുണ്ട്‌. മൂന്നുമടക്കുള്ള കുടയുടെ വിലയും  400 രൂപയാണ്‌.  കുട്ടിക്കുടകൾ  300 രൂപയ്‌ക്ക്‌ ലഭിക്കും.  ബാഗിനും കുടയ്ക്കും മുൻവർഷങ്ങളെ അപേക്ഷിച്ച്‌ വില കൂടുതലാണ്‌.  നോട്ട്ബുക്ക്‌ വിൽപ്പനയും സജീവമാണ്‌.  നാല്‌ മുതൽ ആറുരൂപവരെ നോട്ട്‌ ബുക്കുകൾക്കും വില വർധിച്ചിട്ടുണ്ട്‌. 
വാട്ടർ ബോട്ടിലുകൾ, പെൻ, പെൻസിൽ, പൗച്ചുകൾ, ഇൻസ്ട്രമെന്റ്‌ ​ ബോക്സുകൾ ‌ എന്നിവയെല്ലാം പല രൂപത്തിലും വർണങ്ങളിലും ഉണ്ട്‌. യൂണിഫോം സർക്കാർ സൗജന്യമായി നൽകുന്നതിന്റെ ആശ്വാസം രക്ഷിതാക്കൾക്കുണ്ട്‌. പാഠപുസ്‌തകങ്ങൾ ഇതിനകം സ്‌കൂളുകളിൽ എത്തിയിട്ടുണ്ട്‌.  പ്രതിസന്ധിയൊഴിഞ്ഞ അധ്യയന വർഷത്തെ  വരവേൽക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും ഒരുങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top