20 April Saturday
വൻ കൃഷിനാശം

മരകാവിൽ ഒറ്റയാൻ ശല്യം രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
 
പുൽപ്പള്ളി 
മരകാവിലും പരിസരപ്രദേശങ്ങളിലും ഒറ്റയാൻ കൃഷിഭൂമിയിൽ ഇറങ്ങി വ്യാപകമായി വിളകൾ നശിപ്പിച്ചു. നെയ്കുപ്പ വനത്തിൽനിന്നാണ്‌ ഒറ്റയാൻ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത്‌. കാപ്പിക്കുന്ന്, മൂഴിമല, കൊട്ടമുരട്, വേലിയമ്പം, മരകാവ് എന്നീ പ്രദേശങ്ങളിലാണ് രണ്ടാഴ്ചയായി ഒറ്റയാൻ ഭീതി വിതയ്ക്കുന്നത്. 
വനാതിർത്തിയിലെ പ്രതിരോധ കിടങ്ങുകൾ കാര്യക്ഷമമല്ലാത്തതാണ്‌ ഇവ നാട്ടിലിറങ്ങാൻ കാരണം. കുറെക്കാലമായി അറ്റകുറ്റപ്പണി നടത്താത്തതുമൂലം  കിടങ്ങുകൾ നിരന്ന്‌ കാട്ടാനകൾക്ക്  കൃഷിയിടങ്ങളിലേക്ക് ഇറങ്ങുവാൻ സാധിക്കുന്ന തരത്തിലാണ്‌. ഇതോടൊപ്പം വനാതിർത്തിയിൽ സ്ഥാപിച്ചിരുന്ന ഷോക്ക് ലൈനുകളും പ്രവർത്തനരഹിതമായി. 
ആനയെ പേടിച്ച്‌ രാപകൽ നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാതായി. രാവിലെ പാലുമായി പോകുന്ന പലരും ആനയുടെ മുന്നിൽപ്പെട്ടു. കഴിഞ്ഞദിവസം അതിരാവിലെ പശുവിനെ കറക്കുന്നതിന്‌ വീടിനു പുറത്തിറങ്ങിയ മുഴിമലയിലെ വീട്ടമ്മ മുറ്റത്തുണ്ടായിരുന്ന ഒറ്റയാന്റെ മുന്നിൽപ്പെട്ടു. രാത്രികാലങ്ങളിൽ മേഖലയിലെ കൃഷിയിടങ്ങളിൽ മേഞ്ഞുനടക്കുന്ന ഒറ്റയാൻ വേലിയമ്പം നെയ്ക്കുപ്പ റൂട്ടിൽ യാത്രചെയ്യുന്ന  ബൈക്ക്, സ്കൂട്ടർ യാത്രക്കാരെയും പിന്തുടർന്ന്‌ ഭീഷണിപ്പെടുത്തുന്നു.  
ഒറ്റയാനും കാട്ടാനകളും നാട്ടിലിറങ്ങുന്നത്‌ തടയാൻ ഫലപ്രദമായ നടപടി വേണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു. പ്രതിരോധ കിടങ്ങുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുകയും വൈദ്യുത പ്രതിരോധം പുനഃസ്ഥാപിക്കുകയും വേണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് വനം വകുപ്പ് ഓഫീസിലേക്ക് മാർച്ച് ചെയ്യുവാനും  സമരപരിപാടികൾ നടത്തുവാനുമുള്ള നീക്കത്തിലാണ് നാട്ടുകാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top