24 April Wednesday

കബനി നദി പുനരുജ്ജീവനം : സർവേ ഉടൻ

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
 
കൽപ്പറ്റ
ജില്ലയിലെ പ്രധാന ജലസ്രോതസ്സായ കബനി നദി പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി  സർവേ നടപടികൾക്ക്‌ ജൂൺ ആദ്യവാരത്തോടെ തുടക്കമാവും. ഹരിതകേരളമിഷന്റെ നേതൃത്വത്തിലാണ്‌ പ്രവർത്തനം. 15 തദ്ദേശ സ്ഥാപനങ്ങളിലൂടെ ഒഴുകുന്ന കബനിയുടെ പ്രധാന കൈവഴികളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചാണ്‌  സർവേ നടത്തുക. തുടർന്ന്‌ മാപ്പത്തോൺ സാങ്കേതികവിദ്യയിലൂടെ മാപ്പിങ്‌ നടത്തി മാലിന്യമുള്ള പുഴയിടങ്ങളും ഒഴുക്കുനിലച്ച നീർച്ചാലുകളും കണ്ടെത്തി അവയെ പുനരുജ്ജീവിപ്പിച്ച് സുസ്ഥിരമാക്കുന്നതിനുള്ള നടപടികൾക്ക്‌ തുടക്കമിടും. ഇതിനുള്ള മാസ്‌റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന്‌ ഹരിതകേരള മിഷൻ അധികൃതർ പറഞ്ഞു.  വിശദമായി കർമ പദ്ധതി തയ്യാറാക്കുന്നതിനായി ഹരിത കേരളം മിഷൻ  ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. പുഴയെ വരുംകാലത്തിനായി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയായി കണ്ടാണ്‌ നടപടികൾക്ക്‌ ശിൽപ്പശാല രൂപം നൽകിയത്‌.  
അടുത്ത ഘട്ടമായി പഞ്ചായത്ത്‌ തലത്തിൽ ശിൽപ്പശാല നടത്തും. വിദ്യാർഥികൾ, പരിസ്ഥിതി പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരെയെല്ലാം പങ്കെടുപ്പിച്ചുള്ള പുഴനടത്തം സംഘടിപ്പിക്കും. ഇതിന്‌ പിന്നാലെയാണ്‌ സർവേയും  കബനിയുടെ പ്രധാന കൈവഴികളിലെ ജലസ്രോതസ്സുകളുടെ ശുചീകരണവും മാപ്പിങ്ങും നടത്തുന്നത്‌. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി മലിനീകരണമുൾപ്പെടെയുള്ള കാരണങ്ങളാൽ കബനി നേരിടുന്ന പ്രതിസന്ധികൾ മറികടന്ന്‌ നദിയെ പൂർണാർഥത്തിൽ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളാണ്‌ ഹരിതകേരള മിഷൻ ഏറ്റെടുത്ത്‌ നടത്തുന്നത്‌. ഖര മാലിന്യങ്ങൾ പുഴയിലേക്ക്‌ തള്ളുന്നതിന്റെ പരിണതഫലമായി പായലുകൾ അടക്കം രൂപപ്പെട്ട്‌ നദിക്ക്‌ ദോഷമുണ്ടാവുന്നത്‌ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ മിഷൻ ഇടപെട്ട്‌ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക്‌ രൂപം നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top