19 September Friday

എഴുത്തുകാരെയും പുസ്‌തകങ്ങളെയും സ്‌നേഹിച്ചൊരാൾ

ഒ കെ ജോണിUpdated: Friday Jan 21, 2022
 
അടിയന്തരാവസ്ഥക്കാലത്താണ് സഖാവ് പി എ മുഹമ്മദുമായി ബന്ധപ്പെടുന്നത്.  ഇഎംഎസിന്റെ സുഹൃത്തും സഖാവുമായിരുന്ന അന്തരിച്ച കനകവാടി ഇ എസ്‌  കൃഷ്ണമൂർത്തിയായിരുന്നു ഞങ്ങളെ  പരസ്പരം അടുപ്പിച്ചത്.  മൂർത്തി സഖാവിന്റെ  നേതൃത്വത്തിൽ കൽപ്പറ്റയിൽ തുടങ്ങിയ ശക്തി ഗ്രന്ഥശാലയുടെ ആലോചനായോഗങ്ങളിൽ വെച്ച് കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചുമായിരുന്നു എന്നോട് കൂടുതലും സംസാരിച്ചത്. അക്കാലത്ത് കൽപ്പറ്റയിൽ ഉദ്യോഗസ്ഥനായിരുന്ന കുഞ്ഞപ്പ പട്ടാനൂരും  അന്തരിച്ച കുഞ്ഞീതിക്കയുമായിരുന്നു ആ യോഗങ്ങളിലുണ്ടായിരുന്ന പതിവുകാർ.  എഴുത്തുകാരോടും പുസ്തകങ്ങളോടുമുള്ള മമത മരണംവരെയും അദ്ദേഹം കൈവിട്ടില്ല.  വയനാട്ടിലെ പാർടിയുടെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും  വളർച്ചയിൽ നിർണായക പങ്കുവഹിച്ച പി എ  രോഗാതുരനായ അവസാനകാലത്താണ് തന്റെ  ജീവിത സ്മരണകൾ പുസ്തകരൂപത്തിൽ എഴുതിയത്. 
   അതിന്റെ  ആമുഖമെഴുതാമെന്ന വാഗ്ദാനം അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ നിറവേറ്റാനായില്ല.  നാളെ ഞാനത്‌  അയക്കാമെന്ന്‌ മനോജ് പട്ടാട്ടിനോട് ഫോണിൽ അറിയിച്ച് ഏതാനും മണിക്കൂറുകൾക്കകമാണ്‌ സഖാവിന്റെ സങ്കടകരമായ മരണവാർത്ത കേൾക്കാനിടയായത്.  ആമുഖം ഒരു ചരമക്കുറിപ്പാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 
           അടിയന്തരാവസ്ഥക്കാലത്ത്‌ കോളജ് വിദ്യാർഥിയായിരുന്ന എന്നെ ഒരു മാർക്സിസ്റ്റു പാർടിയുടെ സഹയാത്രികനുമാക്കുന്നതിൽ പരോക്ഷമായെങ്കിലും പങ്കുവഹിച്ച വയനാട്ടിലെ മുതിർന്ന സഖാക്കളിൽ ഒരാളായ പി എയുടെ മരണം ഇടതുപക്ഷപ്രസ്ഥാനത്തിനെന്നപോലെ വ്യക്തിപരമായി എനിക്കും വലിയൊരു നഷ്ടമാണ്. പ്രിയ സഖാവിന് ലാൽ സലാം.!

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top