17 April Wednesday

ജോൺസൺ​ന്റെ കൃഷിയിടം ജൈവ വൈവിധ്യത്തിന്റെ ഏദൻ തോട്ടം

സ്വന്തം ലേഖകൻUpdated: Thursday Jan 21, 2021
 
 
മാനന്തവാടി
തൃശിലേരി ഓലിയപ്പുറം  ജോൺസന്റെ കൃഷിയിടം   രാസവളമെന്നത്‌‌ കണ്ടിട്ട്‌ പോലുമില്ല.   13 വർഷം മുമ്പ്‌ അങ്കമാലിയിൽ നിന്ന് വയനാടൻ ‌ ചുരം കയറുമ്പോൾ പ്രകൃതിക്കൊപ്പം തികച്ചും ജൈവീകമായി മാത്രം ജീവിക്കണമെന്ന അദ്ദേഹത്തിന്റെ ഉറച്ച  തീരുമാനമാണ്‌ ഈ കൃഷിയിടത്തെ ഇങ്ങനെ ജൈവീകമായി തന്നെ നിലനിർത്തുന്നത്‌.  പ്രകൃതിയെ ആത്മാവിനോട്‌ ചേർക്കുന്ന ഈ ഇച്‌ഛാശക്തിയെ സംസ്ഥാന   സർക്കാർ അവാർഡ്‌ നൽകി അംഗീകരിക്കുക കൂടി ചെയ്‌തതോടെ  എൻ വി ജോൺസൺ എന്ന  അധ്യാപകൻ കൂടിയായ  കർഷകന് തികഞ്ഞ   ആത്മസംതൃപ്‌തി. മുഴുവൻ ജൈവ കർഷകർക്കും പ്രചോദനമാണ്‌ ഈ അംഗീകാരമെന്ന്‌ അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു.  സംസ്ഥാന സർക്കാറിന്റെ മികച്ച ജൈവ കർഷകനുള്ള അവാർഡാണ്‌ ജോൺസണ്‌  ലഭിച്ചത്‌.  ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ലഭിക്കുക.
 കാപ്പി,കുരുമുളക്,കൊക്കൊ ജാതി,  ഗ്രാമ്പു,     പഴവർഗ്ഗങ്ങൾ, കോഴി, മത്സ്യകൃഷി, തേനീച്ച എന്നിങ്ങനെ....വൈവിധ്യങ്ങളുടെ ഏദൻതോട്ടമാണ്‌ ഈ കൃഷിയിടം.  സ്വന്തമായുള്ള നാല് ഏക്കർ എൺപത് സെന്റ് സ്ഥലത്ത്  മാത്രമല്ല ഭൂമി പാട്ടത്തിനെടുത്തും കർഷക കൂട്ടായ്‌മകൾ വഴിയും ജോൺസൺ കൃഷി ചെയ്യുന്നുണ്ട്‌.    രണ്ട് ഏക്കർ പാട്ടത്തിനെടുത്ത്   28 ഇനം  പരമ്പരാഗത നെൽവിത്തിനങ്ങളാണ്‌ കൃഷി ചെയ്യുന്നത്‌.  പാഡി ആർട്ടിന്റെ ഭാഗമായി ആളുകളെ കൃഷിയിലേക്ക്‌ ആകർഷിക്കാൻ വിവിധ രൂപങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്‌.   നാല് പശുക്കളുണ്ട് . ഇവയുടെ ചാണകം,  മൂത്രം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്.
   പഞ്ചായത്തിലെ മികച്ച ജൈവ കർഷകനുള്ള അവാർഡ്, ഓർഗാനിക് വയനാട് മികച്ച കർഷകനുള്ള അവാർഡ്, ദാമോദർ സരോജനി അവാർഡ്, മികച്ച മത്സ്യ കർഷകനുള്ള അവാർഡ്‌ തുടങ്ങിയ അവാർഡുകളും ഇദ്ദേഹത്തിന്‌ ലഭിച്ചു.നിലവിൽ പാടശേഖര സമിതിയുടെ പ്രസിഡന്റും ,ജൈവ കർഷകരുടെ കൂട്ടായ്മയായ സൗഹൃദത്തിന്റെ സെക്രട്ടറിയുമാണ്.ഈ കൂട്ടായ്മക്ക് മികച്ച ജൈവ കൃഷിക്കുള്ള ക്ലബ് അവാർഡും ലഭിച്ചിട്ടുണ്ട്. വിത്തും, അരിയും വിതരണം ചെയ്യുന്ന  അഗ്രി പ്രൊഡ്യുസ് കമ്പനിയും ഇദ്ദേഹം   നടത്തുന്നുണ്ട്. ഭാര്യ: നാൻസി. മക്കൾ : മേഴ്സി, അർപ്പിത.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top