19 April Friday

തളരാതെ പൊരുതുന്ന കുംഭയ്ക്ക്‌ അംഗീകാരം

സ്വന്തം ലേഖകൻUpdated: Thursday Jan 21, 2021
 
കൽപ്പറ്റ
പാതിതളർന്ന ശരീരത്തോട്‌ പൊരുതി, ഇഴഞ്ഞുനീങ്ങി മണ്ണിൽ പൊന്ന്‌ വിളയിക്കുന്ന ആദിവാസി കർഷക കുംഭയ്‌ക്ക്‌‌ സംസ്ഥാന സർക്കാരിന്റെ അംഗീകാരം. വൈകല്യത്തെ നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിച്ച വെള്ളമുണ്ട കൊല്ലിയിൽ ആദിവാസി കോളനിയിലെ കുഭയെതേടി സർക്കാരിന്റെ പ്രത്യേക കർഷക പുരസ്കാരമെത്തി.
പോളിയോ ബാധിച്ച്‌ അരയക്ക് കീഴെ പൂർണമായും തളർന്ന ഈ ആദിവാസി വീട്ടമ്മ കൈകൾ കുത്തി നിരങ്ങിനീങ്ങി പാടത്തും പറമ്പിലും കൃഷിയിറക്കി എഴുപതാം വയസിലും ജീവിതത്തോട് മന്ദഹസിച്ച് നിൽക്കുകയാണ്‌. കാർന്നുതിന്ന അർബുദത്തേയും തോൽപ്പിച്ചാണ്‌ കാർഷികവൃത്തി. ഏത്‌ ദുർഘടപാതകളിലും പരസഹായമില്ലാതെ ഇഴഞ്ഞുചെന്ന്‌ പണിയെടുക്കും.  
അനുകമ്പയുമായി വരുന്നവർക്കു മുന്നിൽ സന്തോഷത്തോടെ ചിരിച്ചുനിൽക്കാനാണ്‌ താൽപ്പര്യം. ജീവിത പ്രാരാബ്ദങ്ങളെയെല്ലാം ആത്മധൈര്യം കൊണ്ട് നേരിട്ടു. ആർക്കുമുന്നിലും കൈനീട്ടാതെ സ്വപ്രയത്നം കൊണ്ട് ഉയർന്നുനിൽക്കുകയാണ്‌. 
ജന്മനാ പോളിയോ ബാധിച്ചാണ് അരയക്ക് താഴെ പൂർണമായും തളർന്നത്. സ്കൂളിലൊന്നും പോകാനായില്ല. ആർക്കും  ബാധ്യതയാവരുതെന്ന് കരുതി പണികൾ എടുത്തുതുടങ്ങി. മുതിർന്നപ്പോഴും സമയം പാഴാക്കിയില്ല. ഒരു കൈ നിലത്തുകുത്തി മറ്റേകൈയിൽ തൂമ്പയെടുത്ത്‌   ആഞ്ഞുകിളച്ചു. 
വൈകിയാണെങ്കിലും വിവാഹം കഴിച്ചു.  ഭർത്താവ്‌ കുങ്കന്‌ ഹൃദയ വാൽവിന് തകരാറായതോടെ പരിചരണവും കുംഭയുടെ ജോലിയായി. ആറ്‌ വർഷം മുമ്പ്‌ ഭർത്താവ്‌ മരിച്ചു. മകൻ രാജു പ്ലസ്‌ ടു കഴിഞ്ഞു. ‌അല്ലലറിയാക്കാതെയാണ്‌ മകനെ വളർത്തിയതെങ്കിലും തുടർന്ന് പഠിപ്പിക്കാനായില്ല. ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ കിട്ടുന്നുണ്ട്. അത്യാവശ്യത്തിന്‌ മാത്രം  ഓട്ടോറിക്ഷയിൽ പുറത്തുപോകും. വീട്ടിലെ കൃഷിയിടത്തിൽ  അന്തിയാവോളം പണിചെയ്ത് വൈകല്യത്തെ തോൽപ്പിച്ചു നിൽക്കുകയാണ് ഈ ആദിവാസി വീട്ടമ്മ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top