വാകേരി
ഏദൻവാലി എസ്റ്റേറ്റിലെ സ്ത്രീ തൊഴിലാളികൾക്ക് നേരെ ചാടി ഭീതിസൃഷ്ടിച്ച കടുവ എസ്റ്റേറ്റ് വിട്ടതായി നിഗമനം. എസ്റ്റേറ്റിലെ സിസിടിവിയിൽ വേലികടന്ന് കടുവ പുറത്തേക്ക് പോകുന്ന ദൃശ്യം ലഭിച്ചു. എസ്റ്റേറ്റിൽനിന്ന് പ്രധാന റോഡിലേക്ക് കടക്കുന്നതിന് സമീപമുള്ള സിസിടിവിയിലാണ് ദൃശ്യം പതിഞ്ഞത്. എസ്റ്റേറ്റിനുള്ളിലെ റോഡിലൂടെ കടുവ ഓടിപ്പോകുന്ന ദൃശ്യമാണ് ലഭിച്ചത്. സിസിടിവിയിൽ പകൽ പതിനൊന്നാണ് സമയം കാണിക്കുന്നത്. ഈ സമയത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തോട്ടത്തിൽ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. തിങ്കളാഴ്ച തൊഴിലാളികൾക്ക് നേരെ കടുവ ചാടിയ സ്ഥലത്തും പരിസരത്തുമാണ് ആദ്യം തിരച്ചിൽ നടത്തിയത്.
ഇവിടെ ഒന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ എസ്റ്റേറ്റിന്റെ മറ്റു ഭാഗത്തും തിരഞ്ഞിരുന്നു. വൈകിട്ടോടെ തിരച്ചിൽ നിർത്തി. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ
എസ്റ്റേറ്റിനോട് ചേർന്ന വനത്തിന്റെ ഭാഗത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.
കൂടുവച്ച് കടുവയെ പിടിക്കണമെന്ന് തൊഴിലാളികളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. ഇതുവരെ അക്കാര്യത്തിൽ തീരുമാനമായിട്ടില്ല. എസ്റ്റേറ്റിലും പരിസരപ്രദേശങ്ങളിലും വനം വകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുന്നുണ്ട്. ചൊവ്വാഴ്ച ജോലിക്കായി എസ്റ്റേറ്റിൽ തൊഴിലാളികൾ എത്തിയിരുന്നു. പടക്കം പൊട്ടിച്ച് എല്ലാവരും ഒരുമിച്ചാണ് തോട്ടത്തിലേക്ക് ഇറങ്ങിയത്. പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നുംആവശ്യമെങ്കിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്നും സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്ന കരീം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..