28 March Thursday

കളിമണ്ണില്‍ കൗതുക 
വസ്തുക്കളുമായി സുരേഷ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

സുരേഷ് നിർമിച്ച കൗതുക വസ്തുക്കൾ

പുൽപ്പള്ളി
ടെറാകോട്ട പോട്ടറിലൂടെ കളിമണ്ണ് ശാസ്ത്രീയമായി മെനഞ്ഞെടുത്ത് കാവ്യ ഭംഗിയാർന്ന കലാവസ്തുക്കൾ ഒരുക്കുകയാണ് ശിൽപ്പികൂടിയായ   പാലക്കാപറമ്പിൽ സുരേഷ്. ബംഗളൂരുവിലെ ആർട്ട് ട്രാപ്പ് കലാവിദ്യാലയത്തിൽനിന്ന് ചിത്രകലയും ശിൽപ്പ നിർമാണവും പഠിച്ചിട്ടുള്ള സുരേഷ് മ്യൂറൽ പെയിന്റിങ്ങിലും ശിൽപ്പ നിർമാണത്തിലും ശ്രദ്ധേയനാണ്. വണ്ടിക്കടവിലെ പഴശ്ശി മ്യൂസിയത്തിൽ മ്യൂറൽ പെയിന്റിങ് ചെയ്തിരിക്കുന്നത് ഇദ്ദേഹമാണ്. 
മേപ്പാടിയിൽനിന്ന് എത്തിക്കുന്ന കളിമണ്ണ് മണലുമായി മിശ്രിതംചെയ്ത് ആധുനീക രീതിയിലുള്ള യന്ത്രത്തിൽ അരച്ച് മൂശയിലാണ് ശിൽപ്പങ്ങളും കരകൗശല വസ്‌തുക്കളും രൂപംകൊള്ളുന്നത്‌.  ഭരണികൾ, അലങ്കാര പാത്രങ്ങൾ, പൂച്ചട്ടികൾ, ചെറു വിഗ്രഹങ്ങൾ തുടങ്ങിയവ സുരേഷിന്റെയും സഹായി ദാസിന്റെയും കരവിരുതിൽ വിരിയുന്നുണ്ട്‌. മൂശയിൽ രൂപപ്പെടുന്ന വസ്തുക്കൾ വെയിലത്തുണക്കി ചൂളയിൽ ചുട്ടെടുക്കും. പിന്നീട് ചായം പൂശി പുറംഭാഗങ്ങളിൽ മനോഹരമായ ചിത്രപ്പണി നടത്തിയാണ് വിപണനം. ഇദ്ദേഹത്തിന്റെ കലാവസ്തുക്കൾ തേടി കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധിപേർ എത്തുന്നുണ്ട്‌. ജീവിതംതന്നെ കലാസൃഷ്ടിക്കായി മാറ്റിവച്ചിട്ടുള്ള സുരേഷിന്റെ വീടിനും പ്രത്യേകതയുണ്ട്‌. ക്ഷേത്ര സാദൃശ്യമുള്ള വീടിന്റെ ചുമരുകളിൽ രാധാമാധവ രൂപങ്ങളും പ്രകൃതിദൃശ്യങ്ങളും കൊത്തിവച്ചിട്ടുണ്ട്‌.  മഹാന്മാരുടെ രൂപങ്ങൾ കല്ലിൽ കൊത്തിയെടുത്ത് വീട്ടുപരിസരത്ത്‌ സ്ഥാപിച്ചത്‌ കാണികളെ ആകർഷിക്കുന്നു. വീട്ടിൽ ആർട്ട് പരിശീലന കേന്ദ്രം തുടങ്ങണമെന്നാണ് സുരേഷിന്റെ ആഗ്രഹം. ഭാര്യ സിന്ധുവും മക്കളായ മാളവികയും  ഋഷിയും പിന്തുണയുമായി കൂടെയുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top