25 April Thursday

‘ഗാന്ധി വധ’ ത്തിൽ നാണംകെട്ട്‌ കോൺഗ്രസ്‌; പൊലീസുകാരെ ഭീഷണിപ്പെടുത്തി ടി സിദ്ദിഖ്‌ എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
കൽപ്പറ്റ > ആസൂത്രിതമായി നടപ്പാക്കിയ ‘ ഗാന്ധി ചിത്രം തകർക്കൽ ’ പൊലീസ് അന്വേഷണത്തിൽ തകർന്നടിഞ്ഞപ്പോൾ നാണംകെട്ട് കോൺഗ്രസ് നേതൃത്വം. കള്ളം പൊളിഞ്ഞതിന്റെ ജാള്യം മറയ്ക്കാൻ  പൊലീസ് സ്റ്റേഷനിൽ നേതാക്കൾ നടത്തിയതാകട്ടെ  അപഹാസ്യ നാടകവും. അറസ്റ്റിനെ എങ്ങനെ പ്രതിരോധിക്കണമെന്നുപോലും വ്യക്തതയില്ലാതെ  പതറുകയായിരുന്നു.
 
ജൂൺ 24നായിരുന്നു എസ്എഫ്ഐയുടെ സമരം.  ഗാന്ധി ചിത്രം തകർത്തത് തങ്ങളല്ലെന്ന് എസ്എഫ്ഐ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ഐജി മനോജ് അബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ  പ്രവർത്തകരല്ലെന്ന് കണ്ടെത്തുകയും ചെയ്‌തു. യഥാർഥ പ്രതികളെ  പിടികൂടാനുള്ള അന്വേഷണം  പൊലീസ് ആരംഭിച്ചതോടെ  കോൺഗ്രസ് നേതാക്കൾ അങ്കലാപ്പിലായിരുന്നു.  പിഴവില്ലാത്ത അന്വേഷണത്തിലൂടെ പ്രതികളിലെത്തുകയും ചെയ്‌തു.  ഇപ്പോൾ അറസ്‌റ്റിലായവർക്ക്‌ നേരത്തെ പൊലീസ്‌ നോട്ടീസ്‌ നൽകിയിരുന്നു. മൊഴിനൽകാൻ ഹാജരാകാനാണ്‌ ആവശ്യപ്പെട്ടത്‌.
 
ഇതോടെ കോൺഗ്രസ്‌ നേതാക്കൾ പൊലീസുകാരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ടി സിദ്ദിഖ്‌ എംഎൽഎയുടെ നേതൃത്വത്തിൽ രാത്രിപോലും പൊലീസ്‌ സ്റ്റേഷനിലെത്തി  നടപടി തടസ്സപ്പെടുത്താൻ ശ്രമിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹാജരാകാനായിരുന്നു  നോട്ടീസ്‌. എന്നാൽ ഇവർ എത്തിയില്ല. പൊലീസ്‌ കർശന നടപടികളിലേക്ക്‌ നീങ്ങുമെന്ന്‌ വന്നതോടെയാണ്‌  വെള്ളിയാഴ്‌ച ഇവർ സ്‌റ്റേഷനിൽ എത്തിയത്‌.   ഉച്ചയോടെ പൊലീസ്‌ പ്രതികളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. പകൽ മൂന്നോടെ  ഐ സി ബാലകൃഷ്‌ണൻ എംഎൽഎയും തുടർന്ന്‌ ടി സിദ്ദിഖ്‌ എംഎൽഎയും കൽപ്പറ്റ പൊലീസ്‌ സ്‌റ്റേഷനിലെത്തി. ഡിവൈഎസ്‌പി  ഉൾപ്പെടെയുള്ളവരോട്‌ സംസാരിച്ചു.
 
ഓഫീസിൽനിന്ന്‌ പുറത്തിറങ്ങിയിട്ടും  മാധ്യമങ്ങളോട്‌ പ്രതികരിക്കാൻ  തയ്യാറായില്ല.  പൊലീസ്‌ നടപടി തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലായി.  അപമാനഭാരത്തിൽനിന്ന്‌ രക്ഷനേടാനായി പിന്നീട്‌ എംഎൽഎമാർ കൂടിയാലോചിച്ച്‌ ഡിവൈഎസ്‌പി ഓഫീസിൽ കുത്തിയിരുന്നു.  ‘തങ്ങളോട്‌ പറയാതെ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തു’ എന്ന കുറ്റമാരോപിച്ചാണ്‌ സമരം തുടങ്ങിയത്‌. ജില്ലാ പൊലീസ്‌ മേധാവി നേരിട്ടെത്തി  മറുപടിനൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. ഏതാനുംപേർ പുറത്തും ബഹളംവച്ചു.  രാത്രി എട്ടോടെ ഇവർ സ്വമേധയാ പിരിഞ്ഞുപോയി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top