20 April Saturday

തോൽക്കാനുള്ളതല്ല ജീവിതം

പി ആർ ഷിജുUpdated: Monday Mar 20, 2023

ഷംല ഇസ്മയിൽ.,

കൽപ്പറ്റ  
തോറ്റുപോയെന്ന്‌ സ്വയം വിധിയെഴുതി വാതിലിനുപിന്നിൽ മറഞ്ഞിരുന്നില്ല ഷംല ഇസ്മയിൽ. കടംകയറിയ കുടുംബത്തിന്‌ താങ്ങാവണമെന്ന നിശ്ചയദാർഢ്യം അവരെ മുന്നോട്ടുനയിച്ചു. കേട്ടറിവുപോലുമില്ലാത്ത കച്ചവടത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. ഇളയമകളുടെ കമ്മൽ വിറ്റുകിട്ടിയ 4500 രൂപകൊണ്ട്‌ അവർ തന്റെയും മറ്റനവധി കുടുംബങ്ങളുടെയും ചരിത്രം തിരുത്തി. തളർന്നുപോകുമെന്ന്‌ കരുതിയ ഘട്ടത്തിൽ സർക്കാരും വ്യവസായവകുപ്പും അവർക്ക്‌ താങ്ങായി. 250 സ്‌ത്രീകൾക്ക്‌ തൊഴിൽനൽകുന്ന സംരംഭകയാണ്‌ ഇപ്പോൾ ഷംല. 
കുടുംബശ്രീയുടെ മോട്ടിവേഷൻ ക്ലാസ്‌ കേട്ട്‌ ജില്ലയിലെ മികച്ച സംരംഭകയായി വളർന്ന ഷംല ഇസ്മയിലിന്റെ ജീവിതം കേരളത്തിനാകെ പ്രചോദനമാണ്‌. കണിയാമ്പറ്റയിലെ എസ്‌എം ഗാർമെന്റ്‌സ്‌ എന്ന സ്ഥാപനത്തിലൂടെ വിജയഗാഥ തുടരുകയാണവർ. യൂട്യൂബിൽ കണ്ട വീഡിയോയിലെ നമ്പറിൽ വിളിച്ച്‌ വയനാട്ടിലെ തുണിസഞ്ചിയുടെ വിതരണക്കാരിയായി. ഭർത്താവിനോട്‌ ഫോണിൽ ഡിസ്‌ട്രിബ്യൂട്ടർ ആയെന്ന്‌ അഭിമാനത്തോടെ പറയുമ്പോൾ ആ വാക്കിന്റെ അർഥംപോലും പത്താംക്ലാസുകാരിയായ തനിക്ക്‌ അറിയില്ലായിരുന്നുവെന്ന്‌ ചിരിച്ചുകൊണ്ടാണ്‌ അവർ പറഞ്ഞത്‌. 2019 ജൂലൈയിലാണ്‌ തുണിസഞ്ചികൾ തയ്‌ച്ച്‌ വിതരണംചെയ്യുന്ന സ്ഥാപനം തുടങ്ങുന്നത്‌. ഒരുരൂപ എടുക്കാനില്ലാത്ത അവസ്ഥയിൽ മകളുടെ കമ്മൽ വിറ്റുകിട്ടിയ 4500 രൂപ ഉപയോഗിച്ചാണ്‌ ഇതിനുള്ള സാധനങ്ങൾ വാങ്ങിയത്‌. സ്‌ത്രീകളെ കുടുംബശ്രീ വഴി സംഘടിപ്പിച്ചാണ്‌ സഞ്ചി തയ്‌ച്ച്‌ വിതരണംചെയ്‌തത്‌. എന്നാൽ, തുടങ്ങി മാസങ്ങൾക്കകം കോവിഡ്‌ വില്ലനായി. തന്നെ വിശ്വസിച്ച്‌ കൂടെനിൽക്കുന്നവരെ കൈവിടാൻ മനസ്സ്‌ സമ്മതിച്ചില്ല.  തുണിസഞ്ചിയിൽനിന്ന്‌ മാസ്‌കിലേക്ക്‌. സംസ്ഥാനമൊട്ടാകെ എസ്‌എം ഗാർമെന്റ്‌സിന്റെ മാസ്‌ക്‌ അണിഞ്ഞു.  
ഇന്ന്‌ ജില്ലയിലും മറ്റ്‌ ജില്ലകളിലുമെല്ലാം ഒരുപോലെ ഇവരുടെ ഉൽപ്പന്നങ്ങൾ വിറ്റുപോകുന്നു. പോളി കോട്ടൺ തുണിസഞ്ചികൾക്കുപുറമേ നൈറ്റി, ചുരിദാർ, ലെഗിൻ, ഉടുപ്പുകൾ തുടങ്ങി വൈവിധ്യങ്ങളിലേക്ക്‌ വ്യവസായം വളർന്നു. മറ്റൊരു കമ്പനിയും നൽകാത്ത ഓഫർ നൽകിയാണ്‌ സ്‌ത്രീകൾക്ക്‌ ഇവർ മെറ്റീരിയൽ തയ്‌ക്കാൻ നൽകുന്നത്‌. വിറ്റുപോകാത്തവ ഇവർ തിരിച്ചെടുക്കും. അതിനാൽ മെറ്റീരിയൽ എടുക്കുന്നവർക്ക്‌ ഒരിക്കലും നഷ്ടം വരുന്നില്ല. 12 ടീമുകളാക്കി തിരിച്ച്‌ ഓരോ ടീമിനും ഒരു ലീഡറെ നിയോഗിച്ചാണ്‌ വനിതകൾക്ക്‌ തയ്‌ക്കാനുള്ള തുണികൾ നൽകുന്നത്‌. 
ഷംലയുടെ വിജയഗാഥ കേട്ടറിഞ്ഞ്‌ അരുണാചൽപ്രദേശിൽനിന്നുവരെ ബിസിനസ് പഠിക്കാൻ സംഘമെത്തി. കുടുംബശ്രീ വഴി സംസ്ഥാനമൊട്ടാകെ നടപ്പാക്കാനുള്ള ഇവരുടെ പദ്ധതിക്ക്‌ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്‌. രാജസ്ഥാനിലും, സൂററ്റിലുമെല്ലാം ലഭിക്കുന്ന നിരക്കിൽ തുണികൾ ഇവിടെ വിതരണംചെയ്യാൻ കഴിയുന്ന വ്യവസായം ആരംഭിക്കണമെന്നാണ്‌ തന്റെ സ്വപ്നമെന്ന്‌ ഷംല പറഞ്ഞു. 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top