26 April Friday

ചേകാടിയിൽ കാട്ടാന ആക്രമണം: ആദിവാസി സ്ത്രീക്ക് ഗുരുതരപരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023
 
പുൽപ്പള്ളി
പുൽപ്പള്ളി പഞ്ചായത്തിലെ ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ഗുരുതരപരിക്ക്‌. കട്ടക്കണ്ടി കോളനിയിലെ കുളിയന്റെ ഭാര്യ കാളി (65) ക്കാണ്‌ പരിക്കേറ്റത്‌. മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ കോഴിക്കോട്‌ മെഡിക്കൽ ഗവ. മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. 
ഞായറാഴ്ച പകൽ ഒന്നോടെയാണ് സംഭവം. വയലിൽ കെട്ടിയ പശുവിന്റെ അടുത്തേക്കുപോകുമ്പോൾ സമീപത്തെ കാട്ടിൽനിന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് ആളുകൾ എത്തിയതോടെ ആന പിൻമാറുകയായിരുന്നു. കാലിനും കൈക്കും തലയ്‌ക്കും പരിക്കേറ്റു. ഒരുകാലിന്റെ എല്ലുപൊട്ടുകയും മറ്റേകാലിന്റെ മുട്ട്‌ ഇളകുകയുംചെയ്‌തു.  ഇടതുചെവി അറ്റുതൂങ്ങിയിട്ടുമുണ്ട്‌.   
നാട്ടുകാർ അറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ വനംവകുപ്പിന്റെ വാഹനത്തിലാണ് ഇവരെ മാനന്തവാടി ആശുപത്രിയിൽ എത്തിച്ചത്‌.  മൂന്നുവശം വനത്താലും ഒരു ഭാഗം കബനി നദിയാലും ചുറ്റപ്പെട്ട ചേകാടിയിൽ കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ വർഷം റേഷൻ വാങ്ങാൻ പോയ ആദിവാസി വനിതയെ ആന ആക്രമിച്ച്‌ പരിക്കേൽപ്പിച്ചിരുന്നു. രണ്ടുമാസം മുമ്പ്‌ വനാതിർത്തിയിൽ പിതാവിന്റെ മൃതദേഹ സംസ്‌കാരത്തിന് കുഴിയെടുക്കവെ സഹോദരങ്ങളെ ആന ആക്രമിച്ചിരുന്നു. ഇവരിൽ ഒരാൾ ഇപ്പോഴും ചികിത്സയിലാണ്‌. പുൽപ്പള്ളി–-ചേകാടി റോഡരികിൽ ആനയുടെ സാന്നിധ്യം പതിവാണ്‌.   
വനംവകുപ്പാണ്‌ ആശുപത്രിയിൽ കാളിയുടെ ചികിത്സാച്ചെലവ്‌ വഹിക്കുന്നത്‌. മാനന്തവാടിയിൽനിന്ന്‌ കോഴിക്കോട്ടേക്ക്‌ മാറ്റിയ കാളിയോടൊപ്പം വനംവകുപ്പ്‌ ഉദ്യോഗസ്ഥനും പോയതായി സൗത്ത്‌ വയനാട്‌ ഡിഎഫ്‌ഒ എ ഷജ്‌ന പറഞ്ഞു. വനത്തോടുചേർന്ന കോളനിക്കടുത്താണ്‌ സംഭവമെന്നും അവർ പറഞ്ഞു. അതേസമയം പരിക്കേറ്റ കാളിയുടെ കുടുംബത്തിന്‌ അടിയന്തര സഹായം ലഭ്യമാക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top