കൽപ്പറ്റ
പൊലീസ് സ്റ്റേഷന്റെ ഭിത്തിയിൽ തല സ്വയം ഇടിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് കാഞ്ഞിരങ്ങാട് സ്വദേശി പൊലീസിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി മനുഷ്യാവകാശ കമീഷനിൽ പരാതി നൽകിയതെന്ന് ജില്ലാ പോലീസ് മേധാവി. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിനാണ് പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചത്. കാഞ്ഞിരങ്ങാട് സ്വദേശി അനീഷ് ബേബി മനുഷ്യാവകാശ കമ്മീഷനിൽ സമർപ്പിച്ച പരാതിയിലാണ് പൊലീസ് വിശദീകരണം നൽകിയത്. തന്നെ തലപ്പുഴ എസ് ഐ 2020 ജൂൺ 24 ന് സ്റ്റേഷനിൽ വിളിച്ചു വരുത്തി ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. വാളാട് കാംപെട്ടി സ്വദേശിയായ പ്രസാദിൽനിന്ന് പരാതിക്കാരനായ അനീഷ് പണം നൽകാതെ കാർ വിലയ്ക്ക് വാങ്ങിയെന്ന് പൊലീസ് അറിയിച്ചു. പ്രസാദ് പരാതി നൽകിയതനുസരിച്ചാണ് അനീഷിനെ വിളിച്ചു വരുത്തിയത്. വാഹനം വാങ്ങിയ വകയിൽ ആർക്കും പണം നൽകാനില്ലെന്നായിരുന്നു അനീഷ് പറഞ്ഞത്. ആർസി ബുക്ക് എത്രയും വേഗം മാറി നൽകണമെന്ന് തങ്ങൾ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾക്ക് കാണിച്ചു തരാമെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷൻ ഭിത്തിയിൽ അനീഷ് തല ഇടിച്ച് സ്വയം പരിക്കേൽപ്പിച്ചതായി പൊലീസ് മേധാവി അറിയിച്ചു. ഇയാൾക്ക് ചികിത്സ ഉറപ്പാക്കി. കേസും എടുത്തിട്ടുണ്ട്. പൊലീസ് വാദത്തിന് പരാതിക്കാരൻ മറുപടി നൽകാത്തതിനെ തുടർന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..