29 March Friday

കൽപ്പറ്റ മണ്ഡലം മുല്ലപ്പള്ളിയുടെ മോഹം തടയാൻ ലീഗ്‌

സ്വന്തം ലേഖകൻUpdated: Wednesday Jan 20, 2021
കൽപ്പറ്റ
നിയമസഭാതെരഞ്ഞെടുപ്പിന്റെ ചർച്ചകൾ  തുടങ്ങിയപ്പോൾതന്നെ യുഡിഎഫിൽ പോര്‌. കൽപ്പറ്റ മണ്ഡലത്തിൽ മത്സരിക്കാനുള്ള കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ മോഹത്തിനതെിരെ ‌ മുസ്ലിംലീഗ്‌ തുടക്കത്തിലേ നിലപാട്‌ കടുപ്പിച്ചു.  കൽപ്പറ്റ തങ്ങൾക്കുവേണമെന്ന ആവശ്യമാണ്‌ ലീഗ്‌ ഉയർത്തിയിട്ടുള്ളത്‌. ഇതിന്റെ ഭാഗമായാണ്‌  ലീഗ്‌ ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കൽ മുല്ലപ്പള്ളിക്കെതിരെ പരസ്യനിലപാട്‌ എടുത്തത്‌. മുല്ലപ്പള്ളിയെ ലീഗ്‌ അംഗീകരിക്കിലെന്ന അദ്ദേഹത്തിന്റെ നിലപാട്‌ ജില്ലാ ലീഗ്‌ നേതൃത്വത്തിന്റെയാകെ അഭിപ്രായമാണ്‌. 
കൽപ്പറ്റ ലക്ഷ്യമിട്ടിട്ടുള്ള ജില്ലയിലെ കോൺഗ്രസ്‌ നേതാക്കളും മുല്ലപ്പള്ളിയുടെ നീക്കത്തോടെ ആശങ്കയിലായി. നിലവിൽ കൽപ്പറ്റ സിപിഐ എമ്മിന്റെ സിറ്റിങ് സീറ്റാണ്‌. സി കെ ശശീന്ദ്രനിലൂടെ പിടിച്ച മണ്ഡലത്തിൽ വിജയം ആവർത്തിക്കാമെന്ന ശുഭാപ്‌തി വിശ്വാസമാണ്‌ എൽഡിഎഫിന്‌.
കഴിഞ്ഞതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ എൽജെഡിക്ക്‌ നൽകിയ സീറ്റായിരുന്നു കൽപ്പറ്റ. എൽജെഡി എൽഡിഎഫിൽ എത്തിയതോടെ യുഡിഎഫിൽ ഒഴിവ്‌ വന്ന സീറ്റ്‌ തങ്ങൾക്കുവേണമെന്ന അവകാശവാദമാണ്‌ ലീഗ്‌ ഉയർത്തിയിട്ടുള്ളത്‌. യൂത്ത്‌ ലീഗ്‌ നേരത്തേതന്നെ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌. നേരത്തെ ലീഗ്‌ മത്സരിച്ച മണ്ഡലമാണ്‌ കൽപ്പറ്റ.‌ പിന്നീട്‌ കോൺഗ്രസിന്‌ വിട്ടുകൊടുത്തതാണെന്നും ഇവർ പറയുന്നു. കോൺഗ്രസിന്റെ കൈയ്യിൽ അല്ലാത്ത ഈ സമയം സീറ്റ്‌ തിരികെ ലഭിക്കേണ്ടത്‌ അവകാശമാണെന്നും ലീഗ്‌ നേതാക്കൾ പറയുന്നു.
 മണ്ഡലത്തിൽ തങ്ങളുടെ ശക്തി ഉയർത്തികാണിച്ചാണ്‌ ലീഗ്‌ നീക്കം. മണ്ഡലത്തിൽ ആകെയുള്ള 12 തദ്ദേശസ്ഥാപനങ്ങളിൽ ആറിടത്ത്‌ അധ്യക്ഷസ്ഥാനം ലീഗിനാണ്‌. 
കൽപ്പറ്റ നഗരസഭ, കൽപ്പറ്റ ബ്ലോക്ക്‌,  കണിയാമ്പറ്റ, മേപ്പാടി, മൂപ്പൈനാട്‌, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ എറ്റവും വലിയ ഒറ്റകക്ഷിയും ലീഗാണ്‌. ഈ ബലത്തിലാണ്‌ ലീഗ്‌ സീറ്റ്‌ ആവശ്യപ്പെടുന്നത്‌. കഴിഞ്ഞ ആറിന്‌ കൽപ്പറ്റയിൽ  ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം സി മായിൻഹാജിയും സെക്രട്ടറി അബ്ദുറഹ്‌മാൻ രണ്ടത്താണിയും പങ്കെടുത്ത്‌ ചേർന്ന ജില്ലാ ഭാരവാഹികളുടെയും മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെയും യോഗത്തിലും  കൽപ്പറ്റയിൽ ലീഗ്‌ മത്സരിക്കാൻ തീരുമാനം എടുത്തിട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top