26 April Friday

വിദ്യാലയങ്ങൾ തുറക്കാൻ ഒരുക്കം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

 കൽപ്പറ്റ

കോവിഡിൽ അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ  തുറക്കാൻ ജില്ല ഒരുങ്ങുന്നു. ഒന്നര വർഷത്തെ ഇടവേളയ്ക്കു‌ ശേഷം   സ്‌കൂളുകൾ വീണ്ടും തുറക്കാൻ‌ വിപുലമായ തയ്യാറെടുപ്പുകൾ തുടങ്ങി. പരമാവധി സുരക്ഷ ഉറപ്പാക്കി കുട്ടികളെ സ്‌കൂളുകളിലെത്തിക്കാൻ സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ്‌ നിർദേശം.   പഞ്ചായത്ത് വിദ്യാഭ്യാസ സമിതി, മുനിസിപ്പൽ എഡ്യുക്കേഷൻ കമ്മിറ്റി  എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. മുന്നൊരുക്കങ്ങൾ വിലയിരുത്താനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  സംഷാദ് മരക്കാരുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.  സ്‌കൂൾതല ശുചീകരണ പ്രവൃത്തികൾ 23 നകം പൂർത്തിയാക്കും. കുടിവെള്ള സ്രോതസ്സുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യും. സ്‌കൂളുകളിൽ നടക്കുന്ന ശുചീകരണ പ്രവൃത്തികൾ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തും.
 സ്‌കൂൾതല ജാഗ്രതാ സമിതി യോഗങ്ങൾ 20 നകം പൂർത്തീകരിക്കാൻ നിർദേശം നൽകി. ജനപ്രതിനിധികൾ, എസ്എംസി, പിടിഎ,  സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കും.  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡിസിസികളായി പ്രവർത്തിച്ച വിദ്യാലയങ്ങൾ, പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവ ഫയർഫോഴ്‌സിന്റെ സഹായത്തോടെ അണുനശീകരണം നടത്തും.

സ്‌കൂൾ കോമ്പൗണ്ടിലെ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനും അപകട ഭീഷണിയായ മരങ്ങൾ  മുറിച്ചു നീക്കാനും അനുമതിക്കായി  തദ്ദേശസ്ഥാപന മേധാവികൾക്ക് അപേക്ഷ നൽകണമെന്ന് യോഗത്തിൽ നിർദേശിച്ചു. പട്ടികവർഗ വിദ്യാർഥികളെ വിദ്യാലയങ്ങളിലെത്തിക്കാനായി പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർ,  കമിറ്റഡ് സോഷ്യൽ വർക്കർമാർ, പ്രമോട്ടർമാർ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേരും. വിദ്യാർഥികൾക്ക് യാത്രാസൗകര്യം ഒരുക്കാനായി സ്റ്റുഡന്റ്‌ ട്രാവൽ ഫെസിലിറ്റി കമ്മിറ്റി വിളിച്ചുചേർക്കാനും  യോഗത്തിൽ തീരുമാനിച്ചു.
 
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എം മുഹമ്മദ് ബഷീർ,  എഡിഎം എൻ ഐ ഷാജു,  ജില്ലാ പ്ലാനിങ്‌ ഓഫീസർ  വി എസ്  ബിജു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി ജയരാജൻ, ഡെപ്യൂട്ടി ഡിഎംഒ  ഡോ. പി  ദിനീഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ വി ലീല, ഡയറ്റ് പ്രിൻസിപ്പൽ ടി കെ അബ്ബാസ് അലി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിൽകുമാർ, എസ്എസ്‌കെ പ്രോഗ്രാം കോ- ഓർഡിനേറ്റർ പി ജെ  ബിനേഷ്, ഐടി ഡിപി പ്രോജക്ട്‌ ഓഫീസർ കെ സി  ചെറിയാൻ, പൊതുവിദ്യാഭ്യാസ - സംരക്ഷണ യജ്ഞം കോ-ഓർഡിനേറ്റർ വിത്സൺ തോമസ്  തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top