ബത്തേരി
നൂൽപ്പുഴ പഞ്ചായത്തിൽ മുസ്ലിംലീഗിന് വഴങ്ങി കോൺഗ്രസിന്റെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ രാജിവച്ചു. എ കെ ഗോപിനാഥനാണ് തിങ്കൾ രാവിലെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജി നൽകിയത്. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം കൈമാറണമെന്ന ആവശ്യവുമായി ലീഗ് നേതൃത്വവും അണികളും കോൺഗ്രസിനെതിരെ പ്രതിഷേധത്തിലാവുകയും പഞ്ചായത്തിൽ കോൺഗ്രസുമായുള്ള ബന്ധം പരസ്യമായി ഉപേക്ഷിക്കുകയും ചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ലീഗിന് വിട്ടുനൽകുകയില്ലെന്ന വാശിയിലായിരുന്നു എ കെ ഗോപിനാഥനും കോൺഗ്രസിന്റ പഞ്ചായത്തിലെ രണ്ട് മണ്ഡലം കമ്മിറ്റികളും. രാജിവയ്‌ക്കണമെന്ന ഡിസിസി തീരുമാനം അംഗീകരിക്കാത്തതിന് ഗോപിനാഥനെ ആറ് വർഷത്തേക്ക് കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തിരുന്നു. ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തുമെന്ന ലീഗ് ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് ഇരു പാർടികളുടെയും ജില്ലാ നേതാക്കൾ നടത്തിയ ചർച്ചയിൽ കോൺഗ്രസ് നേതാക്കൾ ഗോപിനാഥനെ അനുനയിപ്പിച്ച് രാജിവയ്‌പ്പിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..