20 April Saturday

100 ദിനങ്ങൾ; 344 നിറപുഞ്ചിരി

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

മാലതി ലൈഫിൽ ലഭിച്ച വീടിന്‌ മുന്നിൽ

ബത്തേരി
 രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്ത ശേഷം പ്രഖ്യാപിച്ച നൂറ്‌ ദിന കർമപദ്ധതിയിൽ 344 വീടുകൾ പൂർത്തീകരിച്ചു.  പട്ടികജാതി വികസന വകുപ്പ്‌ മുഖേന 37 വീടുകളും പട്ടികവർഗ വികസന വകുപ്പ് 76 വീടുകളും ഫിഷറീസ് വകുപ്പ്  25 വീടുകളും പൊതുവിഭാഗത്തിൽ 206 വീടുകളും നിർമാണം പൂർത്തിയാക്കി. സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നം സാക്ഷാത്‌കരിച്ച സർക്കാർ വാഗ്‌ദാനങ്ങൾ പാലിക്കുമെന്ന്‌ ഉറപ്പാണ്. ‌ ഉത്സവാന്തരീക്ഷത്തിലാണ് വീടുകളിൽ പാലുകാച്ചൽ ചടങ്ങ്‌ നടന്നത്‌. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
 
  മാലതിക്കും മക്കൾക്കും  അടച്ചുറപ്പുള്ള വീടായി 
ബത്തേരി
രണ്ട്‌ മക്കൾക്കൊപ്പം ഷെഡ്ഡിൽ അന്തിയുറങ്ങിയ മാലതിക്കും സർക്കാരിന്റെ കരുതലിൽ അടച്ചുറപ്പും ഭംഗിയുമുള്ള വീടായി. ബത്തേരി നഗരസഭയിലെ പതിനാലാം ഡിവിഷൻ മന്തൊണ്ടിക്കുന്നിലെ കാഞ്ഞിരത്തിങ്കൽ മാലതിയാണ്‌ (50) സംസ്ഥാന സർക്കാരിന്റെ ലൈഫ്‌ ഭവന പദ്ധതിയിൽ ലഭിച്ച വീട്ടിൽ മക്കൾക്കൊപ്പം താമസം തുടങ്ങുന്നത്‌.  വർഷങ്ങൾക്കുമുമ്പ്‌ പാളാക്കരയിൽ നിന്നാണ്‌ മന്തൊണ്ടിക്കുന്ന്‌ സദേശി മാലതിയെ വിവാഹംചെയ്‌തത്‌. ആൺമക്കളിൽ മൂത്തയാൾ പത്തിലും ഇളവൻ എട്ടിലും പഠിക്കുന്നതിനിടെ മുഴയെ തുടർന്ന്‌ ഗർഭപാത്രം നീക്കംചെയ്‌തു. ഇതോടെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട മാലതി ഭർതൃവീടിന്‌ സമീപത്തെ മറ്റൊരാളുടെ ഷെഡിലായിരുന്നു മക്കൾക്കൊപ്പം കഴിഞ്ഞത്‌. ഇവരുടെ സാമ്പത്തിക പ്രയാസം അറിയാവുന്ന അയൽവാസി ഷെഡ്ഡിന്‌ വാടക വാങ്ങിയിരുന്നില്ല. കഴിഞ്ഞ സാമ്പത്തിക വർഷമാണ്‌ നഗരസഭയിൽ ലൈഫ്‌ വീടിന്‌ അപേക്ഷിച്ചത്‌. പദ്ധതിയിൽ അനുവദിച്ചുകിട്ടിയ നാല്‌ ലക്ഷത്തിന്‌ പുറമെ അയൽക്കൂട്ടത്തിൽനിന്ന്‌ വായ്‌പയെടുത്ത തുകകൂടി ചേർത്താണ്‌ രണ്ട്‌ മുറിയും അടുക്കളയും ശുചിമുറിയും അടങ്ങിയ വീട്‌  ഭർതൃ കുടുംബത്തിൽനിന്ന്‌ കിട്ടിയ മൂന്ന്‌ സെന്റിൽ  നിർമിച്ചത്. ഡിഗ്രി പഠനത്തിന്‌ ശേഷം മൂത്തമകൻ അഖിൽ ഇപ്പോൾ ബത്തേരി നഗരത്തിലെ ഇലക്‌ട്രോണിക്‌സ്‌ കടയിൽ ജോലിചെയ്‌ത്‌ കിട്ടുന്ന വരുമാനംകൊണ്ടാണ്‌ ജീവിതം. രണ്ടാമത്തെ മകൻ അമൽ വിഷ്‌ണു  പ്ലസ്‌ടുവിന്‌ പഠിക്കുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ പാവങ്ങളോടുള്ള കരുണയാണ്‌ തനിക്കും മക്കൾക്കും ഇതുപോലുള്ള നല്ലവീട്ടിൽ കഴിയാൻ ഭാഗ്യമുണ്ടായതെന്ന്‌ മാലതി പറഞ്ഞു. 
           

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top