25 April Thursday

ജിഎസ്‌ടി വെട്ടിപ്പ്‌ പ്രതിയെ കുരുക്കിയത്‌ ഉന്നത ഉദ്യോഗസ്ഥർ ജില്ലയിൽ ക്യാമ്പ്‌ ചെയ്‌ത്‌

സ്വന്തം ലേഖകൻUpdated: Saturday Sep 19, 2020

 

 
കൽപ്പറ്റ
വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച്‌ 42 കോടിയുടെ ജിഎസ്‌ടി വെട്ടിപ്പ്‌ നടത്തിയ പനമരം സ്വദേശിയെ ജിഎസ്‌ടി ഇന്റലിജൻസ്‌ വിഭാഗം പിടികൂടിയത്‌ ആസൂത്രിതമായി. ഉന്നത ഉദ്യോസ്ഥർ രണ്ട്‌ ദിവസം വയനാട്ടിൽ ക്യാമ്പ്‌ ചെയ്‌തായിരുന്നു അറസ്‌റ്റ്‌. അതീവ രഹസ്യമായിട്ടായിരുന്നു ഇവരുടെ നീക്കങ്ങൾ. ബത്തേരിയിൽ താമസിച്ച സംഘം ജില്ലയിലെ  ഉദ്യോഗസ്ഥരോടൊന്നും വിവരങ്ങൾ പറഞ്ഞില്ല. 
പനമരം മുരിക്കാഞ്ചേരി അലി അക്ബറിനെയാണ്‌ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പിടികൂടിയത്‌. 
ജിഎസ്‌ടി വന്നശേഷം സംസ്ഥാന നികുതി വകുപ്പ്‌ നടത്തുന്ന ആദ്യത്തെ അറസ്‌റ്റാണിത്‌. ധനമന്ത്രി ഡോ. തോമസ്‌  ഐസക്കിന്റെ പ്രത്യേക നിർദേശാനുസരണം സംസ്ഥാന  ജിഎസ്ടി കമീഷ‌ണറുടെ നേതൃത്വത്തിൽ ഇൻപുട്ട്‌ ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ ഉദ്യോഗസ്ഥരുടെ സംഘമാണ് വയനാട് കേന്ദ്രീകരിച്ചുള്ള  വെട്ടിപ്പ് കണ്ടെത്തിയത്. അലി അക്ബറിന്റെ  പനമരത്തെ വ്യാപാര സ്ഥാപനങ്ങളിലും  വീട്ടിലും ഒരേസമയം നടത്തിയ റെയ്ഡിൽ നികുതി വെട്ടിപ്പ്‌ സംബന്ധിച്ച രേഖകൾ പിടിച്ചെടുത്തു. ജിഎസ്‌ടി ഇന്റലിജൻസ്‌ വിഭാഗം ഡെപ്യൂട്ടി കമീഷണർ കെ വിജയകുമാർ, അസിസ്റ്റന്റ് കമീഷണർ  ബി ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌.  
വീട്ടിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ കാസർകോഡ്, കണ്ണൂർ, കോഴിക്കോട്,  സ്റ്റേറ്റ് ടാക്‌സ് ഓഫീസർമാരും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസർമാരും പങ്കെടുത്തു. വയനാട്ടിൽനിന്നും ആരെയും സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. 
വിവിധ സംസ്ഥാനങ്ങളിൽനിന്നും ഇവരുടെ തന്നെ സ്ഥാപനങ്ങളിലേക്ക്‌ അടയ്‌ക്ക വിറ്റതായി കാണിച്ച്‌ രേഖയുണ്ടാക്കി നികുതി വെട്ടിപ്പ്‌ നടത്തുകയായിരുന്നു. 850 കോടിയുടെ അടയ്‌ക്കാ കച്ചവടത്തിന്റെ രേഖകളുണ്ടാക്കി 42 കോടിയുടെ നികുതിവെട്ടിപ്പാണ്‌ നടത്തിയത്‌. വർഷങ്ങളായി അലി അക്ബറും ബന്ധുക്കളും അടയ്‌ക്ക വ്യാപാരം നടത്തുന്നവരാണ്‌. ഇവരുടെ ഇടപാടുകൾ ജിഎസ്‌ടി വകുപ്പ്‌ പരിശോധിച്ചുവരികയായിരുന്നു. 
മഹാരാഷ്‌ട്ര, ഡൽഹി തമിഴ്‌നാട്‌, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും വയനാട്ടിലേക്ക്‌ ഉൾപ്പെടെ‌ വൻതോതിൽ അടയ്‌ക്ക ഇറക്കുമതി ചെയ്യുന്നതായുള്ള രേഖകൾ ജിഎസ്‌ടി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു അന്വേഷണത്തിന്റെ തുടക്കം. വയനാട്ടിൽനിന്നും അടയ്‌ക്ക കയറ്റി അയക്കുകയാണ്‌ ചെയ്യുന്നത്‌. സാധനങ്ങൾ കൈമറാതെ ബിൽ ട്രേങ്ങിലൂടെയാണ്‌ ഇവർ തട്ടിപ്പ്‌ നടത്തിയിരുന്നതെന്ന്‌ ജിഎസ്‌ടി ഉദ്യോഗസ്ഥർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top