20 April Saturday
ഗാന്ധി ചിത്രം തകർക്കൽ

ഗാന്ധി ചിത്രം തകർത്ത സംഭവം: കോൺഗ്രസ്‌ പ്രവർത്തകർ ഒളിവിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022
കൽപ്പറ്റ> രാഹുൽഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ പൊലീസ്‌ നോട്ടീസ്‌ നൽകിയ കോൺഗ്രസ്‌ പ്രവർത്തകർ ഒളിവിൽ. ചോദ്യംചെയ്യലിനായി ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹാജരാകാനായി അഞ്ചുപേർക്കാണ്‌ നോട്ടീസ്‌ നൽകിയിരുന്നത്‌. എന്നാൽ ഹാജരാകാതെ എല്ലാവരും ഒളിവിൽ പോയി.  തുടർന്നും ഹാജരായില്ലെങ്കിൽ പൊലീസ്‌ അറസ്‌റ്റ്‌ ഉൾപ്പെടെയുള്ള നടപടികളിലേക്ക്‌ നീങ്ങും.  പ്രതികളെന്ന്‌ സംശയിക്കുന്നവർക്കാണ്‌ നോട്ടീസ്‌ നൽകിയിട്ടുള്ളത്‌. ശക്തമായ തെളിവുകൾ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌.  
ബഫർസോൺ വിഷയത്തിൽ  എസ്‌എഫ്‌ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിന്റെ മറവിലാണ്‌ കോൺഗ്രസുകാർ ഗാന്ധി ചിത്രം തകർത്തത്‌.  കുറ്റം എസ്‌എഫ്‌ഐക്കുമേൽ ആരോപിക്കുകയുംചെയ്‌തു.  വൻ കലാപം ലക്ഷ്യമിട്ടായിരുന്നു നീക്കം. ഉന്നത ഗൂഢാലോചനയുടെ ഭാഗമായാണ്‌ രാഷ്‌ട്രപിതാവിന്റെ ചിത്രം തകർത്തത്‌. രാഷ്‌ട്രപിതാവിനെ കരുവാക്കി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനായിരുന്നു ശ്രമം. 
 
എന്നാൽ വിദ്യാർഥി മാർച്ചിനുശേഷവും ഗാന്ധി ചിത്രം ഓഫീസിലെ ചുമരിലുണ്ടായിരുന്നത്‌ ‘ദേശാഭിമാനി’ ഉൾപ്പെടെ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു.  ചിത്രം തകർത്തത്‌ എസ്എഫ്‌ഐക്കാരല്ലെന്ന്‌ പൊലീസ്‌ അന്വേഷണത്തിലും കണ്ടെത്തി. ഗാന്ധിജിയുടെ ചിത്രം താഴെയിട്ട്‌ പൊട്ടിച്ച്‌ സംസ്ഥാന വ്യാപക കലാപത്തിന്‌ നീക്കം നടത്തിയതായി എഡിജിപി മനോജ്‌ അബ്രഹാം സർക്കാരിന്‌ നൽകിയ അന്വേഷണ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. 
 
രാഹുലിന്റെ ഓഫീസ്‌ മാർച്ചിലുണ്ടായ അനിഷ്ട സംഭവത്തിന്റെ പേരിൽ കോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി വൻ അക്രമണമാണ്‌ അഴിച്ചുവിട്ടത്‌. കൽപ്പറ്റയിലെ ‘ദേശാഭിമാനി’ ജില്ലാ ബ്യൂറോ ആക്രമിച്ചു. കോൺഗ്രസിന്റെ ദേശീയ, സംസ്ഥാന നേതാക്കൾ രാഹുലിന്റെ  ഓഫീസ്‌ സന്ദർശിച്ച്‌ തകർന്നുകിടന്നിരുന്ന ഗാന്ധിയുടെ ചിത്രത്തിന്‌ മുമ്പിൽ കണ്ണീർപൊഴിച്ചു. സ്വന്തം അണികളാണ്‌ ചിത്രം പൊട്ടിച്ചതെന്ന്‌ തെളിഞ്ഞിട്ടും നാടകം തുടർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top