26 April Friday

വന്യജീവി നിരീക്ഷണത്തിന്‌ ഗവേഷക-–കര്‍ഷക കൂട്ടായ്മ

സ്വന്തം ലേഖകൻUpdated: Sunday Mar 19, 2023
 
കൽപ്പറ്റ
ജില്ലയിലെ മനുഷ്യ–-വന്യജീവി സംഘര്‍ഷം നിരീക്ഷിക്കുന്നതിനും വിവരശേഖരണത്തിനും ഗവേഷക- കര്‍ഷകകൂട്ടായ്മ പ്രവര്‍ത്തനം തുടങ്ങുന്നു. ലെന്‍സ് വന്യജീവി നിരീക്ഷണ സംവിധാനം എന്ന പേരിലാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മനുഷ്യ-–-വന്യജീവി സംഘര്‍ഷം സംബന്ധിച്ച്‌  ജനപങ്കാളിത്തത്തോടെ വിവരശേഖരണം നടത്തി കൃത്യമായ ഡാറ്റ ബേസ് ഉണ്ടാക്കുകയാണ് ലക്ഷ്യം. നിരീക്ഷണസംവിധാനം ലോഞ്ചിങ് ഏപ്രില്‍ 18ന് നടത്തും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ തെരഞ്ഞെടുത്ത കര്‍ഷകരാണ് വിവരശേഖരണം നടത്തുക. ആദ്യഘട്ടത്തില്‍ ഓരോ തദ്ദേശ സ്ഥാപന പരിധിയിലും നാലുപേരെയാണ് വിവരശേഖരണത്തിന്‌ നിയോഗിക്കുക. പിന്നീട് പങ്കാളിത്തം വര്‍ധിപ്പിക്കും. 
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി 26 അംഗ ജനറൽ കമ്മിറ്റിയും ഒമ്പത അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. വിവരങ്ങളുടെ ക്രോഡീകരണത്തിനും വിശകലനത്തിനുമുള്ള സാങ്കേതികസഹായം ഹ്യൂം സെന്റര്‍ നല്‍കും. പരിഹാര നിര്‍ദേശങ്ങള്‍ സഹിതം ആറുമാസം ഇടവിട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും സംസ്ഥാന സര്‍ക്കാരിനും റിപ്പോർട്ട്‌ നൽകും. പഞ്ചായത്ത്, ജില്ലാതലത്തില്‍ ശില്‍പ്പശാലകള്‍ നടത്തിയാണ് പൊതുജനങ്ങള്‍ക്ക്‌ വിവരം ലഭ്യമാക്കുക. 
ലെന്‍സ് വന്യജീവി നിരീക്ഷണ സംവിധാനം ചെയര്‍മാന്‍ ടി സി ജോസഫ്, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ സി പി വര്‍ഗീസ്, എം പി ഗംഗാധരന്‍, കെ മനോജ്കുമാര്‍, ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി സെന്റര്‍ ഡയറക്ടര്‍ സി കെ വിഷ്ണുദാസ്, റിസര്‍ച്ച് അസിസ്റ്റന്റ് കെ ആര്‍ ബാബുജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top