25 April Thursday

യഹ്യാഖാനെ തിരിച്ചെടുത്തു; മുസ്ലിം ലീഗിനെതിരെ സമസ്‌തയിൽ അമർഷം പുകയുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022
 
കൽപ്പറ്റ> സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെ വിഭാഗം) സംസ്ഥാന പ്രസിഡന്റ്‌  ജിഫ്രി മുത്തുക്കോയ തങ്ങളെ അധിക്ഷേപിച്ച്‌ കമന്റിട്ട  മുസ്ലിം ലീഗ്‌ ജില്ലാ സെക്രട്ടറിയെ ദിവസങ്ങൾക്കകം തിരിച്ചെടുത്ത നടപടിക്കെതിരെ സമസ്‌തയിൽ അമർഷം പുകയുന്നു. കഴിഞ്ഞ ഡിസംബർ 29നാണ്‌ ജില്ലാ സെക്രട്ടറിയായിരുന്ന യഹ്യാഖാൻ തലയ്‌ക്കലിനെ തങ്ങളെ അപമാനിച്ച്‌ കമന്റിട്ടതിന്‌ ജില്ലാ സെക്രട്ടറി  സ്ഥാനത്തുനിന്നും നീക്കിയത്‌. സമസ്‌തയുടെ കടുത്ത സമ്മർദത്തിനൊടുവിലായിരുന്നു നടപടി. 
 
   സമൂഹ മധ്യത്തിൽ അധിക്ഷേപിച്ചയാളെ ദിവസങ്ങൾക്കകം തിരിച്ചെടുത്തത്‌  തങ്ങളെ അപമാനിക്കുന്നതിന്‌ തുല്യമായാണ്‌ സമസ്‌ത നേതാക്കൾ കാണുന്നത്‌.   സമസ്‌തയുടെ  വിദ്യാർഥി–-യുവജന വിഭാഗങ്ങളിൽ ഇത്‌ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌. കഴിഞ്ഞ രണ്ട്‌ മാസത്തോളമായി ജിഫ്രി തങ്ങളെടുക്കുന്ന സർക്കാർ അനുകൂല  നിലപാടിന്‌  തിരിച്ചടി കൊടുക്കുകയെന്ന രഹസ്യ അജൻഡ കൂടിയാണ്‌ ലീഗ്‌ ഈ തീരുമാനത്തിലൂടെ നടപ്പാക്കിയതെന്ന്‌ കരുതുന്നുണ്ട്‌.  ജിഫ്രി മുത്തുക്കോയ തങ്ങൾക്കുനേരെ വധഭീഷണിയുണ്ടായ വാർത്തയ്‌ക്കടിയിലാണ്‌ കഴിഞ്ഞ 28ന്‌ യഹ്യാഖാൻ അധിക്ഷേപ കമന്റിട്ടത്‌. 
 
‘വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ ചില ചെപ്പടിവിദ്യകൾ നാണക്കേട്‌’–-എന്നായിരുന്നു കമന്റ്‌.  സിറാജ്‌ പത്രത്തിന്റെ ഓൺലൈൻ വാർത്തയുടെ ഫേസ്ബുക്ക്‌ ലിങ്കിലാണ്‌ ലീഗ്‌ അണികളുടെ കൂട്ട അധിക്ഷേപങ്ങൾക്കൊപ്പം ജില്ലാ നേതാവും ചേർന്നത്‌. ഇതിൽ നടപടിയാവശ്യപ്പെട്ട്‌ സമസ്‌തയുടെ യുവജന വിഭാഗവും വിദ്യാർഥി വിഭാഗവും മുതിർന്ന നേതാക്കളും രംഗത്തുവന്നെങ്കിലും ജില്ലാ നേതൃത്വം സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. 
 
ഇതിനിടെ ഹരിത വിഷയത്തിൽ പുറത്താക്കപ്പെട്ട എംഎസ്‌എഫ്‌ മുൻ സംസ്ഥാന വൈസ്‌  പ്രസിഡന്റ്‌ പി പി ഷൈജൽ  യഹ്യാഖാനെ  പുറത്താക്കിയില്ലെങ്കിൽ  ജില്ലാ കമ്മിറ്റി ഓഫീസിന്‌ മുന്നിൽ സമരം നടത്തുമെന്ന്‌ വാർത്താസമ്മേളനം നടത്തിയതോടെയാണ്‌ നടപടി എടുക്കേണ്ടിവന്നത്‌. എസ്‌കെഎസ്‌എസ്‌എഫും എസ്‌വൈഎസും പ്രകടനമുൾപ്പെടെ നടത്തുമെന്ന്‌ ഭീഷണിയും മുഴക്കിയിരുന്നു. പിന്നാലെയായിരുന്നു നടപടിയെടുത്തത്‌.  യഹ്യാഖാനെ തിരിച്ചെടുക്കാനായി  മുജാഹിദ്‌ വിഭാഗം സമ്മർദം ചെലുത്തിയതായും സമസ്‌ത വിഭാഗം കരുതുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top