‘എല്ലാമാസവും ഇവർ ഞങ്ങളെ തേടിവരും. ദൂരെ ആശുപത്രിയിൽ പോകാതെതന്നെ ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ട്. പ്രായമായ ഗ്രാമവാസികൾക്കെല്ലാം പ്രയോജനപ്രദമാണ്. ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകും. ഒന്നിനും കുറവില്ല’–-തിരുനെല്ലി പനവല്ലിയിലെ ചവറനാൽ കുര്യാക്കോസിന്റെ വാക്കുകൾ ചികിത്സ തേടിയെത്തിയ മറ്റുള്ളവരും ശരിവച്ചു.
വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സഞ്ചരിക്കുന്ന ആതുരാലയ പദ്ധതിയായ ‘കനിവി’നെ കുറിച്ചായിരുന്നു ഇവരുടെ അഭിപ്രായം. പദ്ധതി മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ മുപ്പത്തി ആറായിരത്തോളം പേരാണ് ഈ കനിവ് അനുഭവിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എടവക, തിരുനെല്ലി, വെള്ളമുണ്ട, തവിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തുകളിലാണ് ഈ ആശുപത്രി ഓടിയെത്തുന്നത്. ബ്ലോക്കിന്റെ ആകെയുള്ള 13 ഡിവിഷനുകളിലായി എല്ലാമാസവും അറുപതോളം മെഡിക്കൽ ക്യാമ്പുകളാണ് നടത്തുന്നത്. അറുപത് വയസ്സുകഴിഞ്ഞവർക്കാണ് ചികിത്സ. പ്രധാനമായും ജീവിതശൈലീ രോഗങ്ങൾക്കാണ് മരുന്ന് നൽകുന്നത്.
ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ്, കോ -ഓർഡിനേറ്റർ എന്നിവരടങ്ങുന്നതാണ് കനിവിന്റെ സംഘം.
അങ്കണവാടികൾ, ഹെൽത്ത് സെന്ററുകൾ, മറ്റുസൗകര്യപ്രദമായ ഇടങ്ങൾ എന്നിവിടങ്ങളിലാകും ക്യാമ്പ്. ഓരോ ഇടങ്ങളിലും മാസത്തിൽ ഒന്നുവീതം കനിവ് ആംബുലൻസിൽ മരുന്നുമായി ആരോഗ്യസംഘം എത്തും. എല്ലാവരെയും പരിശോധിച്ച് മരുന്നുനൽകും. അടുത്തമാസം ഇവൾ കാത്തിരിക്കും. ചികിത്സയ്‌ക്കായി ആശുപത്രികളിൽ പോകാൻ ബുദ്ധിമുട്ടുള്ളവരാണ് ഏറെയും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്.
വർഷം 50 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ഇതിനായി വിനിയോഗിക്കുന്നത്. 2021 ആഗ്സ്‌ത് 21ന് മന്ത്രി വീണാ ജോർജാണ് സഞ്ചരിക്കുന്ന ആതുരാലയം ഉദ്ഘാടനംചെയ്‌തത്. തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. വാട്‌സ് ആപ് ഗ്രൂപ്പിലൂടെയാണ് ക്യാമ്പുകളുടെ വിവരവും മറ്റും കൈമാറുന്നത്. കനിവ് ടീം, ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങൾ, ആശാവർക്കർമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരെല്ലാം ഉൾപ്പെടുന്നതാണ് വാട്‌സ് ആപ് ഗ്രൂപ്പ്. ഈ ഗ്രൂപ്പിൽ വരുന്ന വിവരങ്ങൾ വാർഡുകളിലെ മറ്റുഗ്രൂപ്പുകളിലേക്ക് കൈമാറി ആളുകളിൽ കൃത്യമായി വിവരം എത്തിക്കും.
വയോജനങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ വയോസേവന പുരസ്‌കാരവും ഈ പദ്ധതിക്ക് ലഭിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതായിരുന്നു അവാർഡ്. മാനന്തവാടി ബ്ലോക്കിലെ എൽഡിഎഫ് ഭരണസമിതി നടപ്പാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങളുടെ മകുടോദാഹരണമാണ് ‘കനിവ്’ ആതുരാലയ പദ്ധതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..